Special Report: സംസ്ഥാന ഭരണം നിയന്ത്രിക്കുന്നത് പാണക്കാട്ട് നിന്ന് തന്നെ.. ഹൈക്കാടതിയില്‍ അപ്പീല്‍ നല്‍കിയത് ലീഗിന്റെ പിടിവാശിയ്ക്ക് വഴങ്ങി… തദ്ദേശ തിരെഞ്ഞെടുപ്പ് നീളാന്‍ സാധ്യത

തിരുവനന്തപുരം: പഞ്ചായത്ത് തിരഞ്ഞെടുപ്പ് നീണ്ടു പോയാൽ  വിപരീത ഫലം ചെയ്യുമെന്ന്  കോൺഗ്രസ് നേതാക്കൾ ഭയക്കുന്നെങ്കിലും ഇലക്ഷൻ പുതിയ വാർഡ് വിഭജനമനുസരിച്ച്  തന്നെ നടത്തണമെന്ന മുസ്ളിംലീഗിന്റെ പിടിവാശി കാര്യങ്ങൾ സങ്കീർണമാക്കുന്നു.
ലീഗ് ഇത് അഭിമാന പ്രശ്നമായി എടുത്തിരിക്കെ ഹൈക്കോടതിയിൽ സർക്കാർ അപ്പീൽ പോയത്  ലീഗിന്റെ മുഖം രക്ഷിക്കാൻ  കൂടിയാണ്. കഴിഞ്ഞ ദിവസം കെ.പി.സി.സി ഏകോപന സമിതിയിലുണ്ടായ വികാരവും തിരഞ്ഞെടുപ്പ് കൃത്യസമയത്ത് നടത്തുക എന്നതാണ്. കോടതിയിൽ നിന്ന്  സ്റ്റേ കിട്ടിയില്ലെങ്കിൽ അത് പറഞ്ഞ് പ്രതിസന്ധിയിൽ നിന്ന് ലീഗിന്  ഇപ്പോഴത്തെ നിലപാടിൽ നിന്ന് തലയൂരാം. എങ്കിൽ കൃത്യസമയത്ത്  തിരഞ്ഞെടുപ്പ് നടത്തണമെന്ന കോൺഗ്രസിന്റെ ആഗ്രഹവും നടക്കും.

പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ കാര്യത്തിൽ സർക്കാർ ആവശ്യപ്പെട്ടതു പോലെ ഒരാഴ്ച  കാത്തിരിക്കാനാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം.
ഒരാഴ്ച കഴിഞ്ഞ് കോടതിയിൽ നിന്നുണ്ടാവുന്ന തീരുമാനം എന്തായാലും സർക്കാരുമായി ചർച്ച ചെയ്ത ശേഷം തിരഞ്ഞെടുപ്പ് നടപടികളുമായി മുന്നോട്ട് പോവും.
കൃത്യസമയത്ത് തന്നെ തിരഞ്ഞെടുപ്പ് നടത്തുക എന്നത് ഭരണഘടനാപരമായ ബാദ്ധ്യതയാണെന്ന്  തിരഞ്ഞെടുപ്പ് കമ്മിഷണർ കെ. ശശിധരൻ നായർ വ്യക്തമാക്കി. അത് നിറവേറ്റേണ്ടതുണ്ട്. സർക്കാരുമായി ഏറ്റുമുട്ടലിനില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഹൈക്കോടതിയിൽ നിന്ന് സ്റ്റേ കിട്ടിയാലും പ്രശ്നത്തിന് പരിഹാരമാവില്ലെന്നതാണ് യാഥാർത്ഥ്യം. സ്റ്റേ കിട്ടിയാൽ അന്തിമ വിധിക്ക് വിധേയമായി നടത്താവുന്ന കാര്യമല്ല തിരഞ്ഞെടുപ്പ് എന്നതാണ് പ്രശ്നം. ഇപ്പോൾ സിംഗിൾ ബെഞ്ച് വിധിക്ക് സ്റ്റേ കിട്ടുകയും പുതിയ വാർഡ് വിഭജനമനുസരിച്ച് തിരഞ്ഞെടുപ്പുമായി മുന്നോട്ട് പോവുകയും ചെയ്താൽ തിരഞ്ഞെടുപ്പിനിടയിൽ  സിംഗിൾ ബെഞ്ച് വിധി ശരിവച്ചുകൊണ്ട് അവസാന തീർപ്പു വന്നാൽ എന്തു ചെയ്യുമെന്നതാണ് കുഴയ്ക്കുന്ന ചോദ്യം. കേസിൽ അന്തിമമായി തീർപ്പുണ്ടാവുന്നതാണ്  ഇപ്പോഴത്തെ അവസ്ഥയ്ക്കുള്ള ഏക പ്രതിവിധി. പക്ഷേ അത്രയും സമയം കാത്തിരിക്കാനുമാവില്ല. മുനിസിപ്പാലിറ്റികളുടെ കാര്യത്തിൽ തന്നെ ഇരുപത്തിയെട്ടോളം അപ്പീലുകളാണ്  ഡിവിഷൻ ബെഞ്ചിന്റെ മുൻപാകെ എത്തുന്നത്. അവയിലെല്ലാം വാദം കേൾക്കാൻ ദീർഘസമയം വേണ്ടിവരും. അതിന് കാത്തുനിന്നാൽ കൃത്യസമയത്ത് തിരഞ്ഞെടുപ്പ് നടത്തി  നവംബറിൽ പുതിയ ഭരണസമിതികൾക്ക് അധികാരമേൽക്കാനാവില്ല.

അതേസമയം ഹൈക്കോടതിയിൽ നിന്ന് ഇപ്പോഴുണ്ടായിട്ടുള്ള രണ്ട് വിധികളിലെ വൈരുദ്ധ്യത്തിന് പ്രതിവിധി കാണേണ്ടതുമുണ്ട്.  നാല് നഗരസഭകളെ ഒഴിവാക്കി മറ്റുള്ളവയ്ക്ക് കോടതി അംഗീകാരം നൽകിയ സ്ഥിതിക്ക്  2010ലെ സ്ഥിതിവച്ച്  തിരഞ്ഞെടുപ്പ് നടത്തിയാൽ അത് കോടതിയിൽ ചോദ്യം ചെയ്യപ്പെടാം. പുതിയ മുനിസിപ്പാലിറ്റികൾ നിലവിൽ വരികയും എന്നാൽ അവിടങ്ങളിൽ പഴയ രീതിയിൽ പഞ്ചായത്ത് തല  തിരഞ്ഞെടുപ്പ് നടത്തുകയും ചെയ്യുന്ന വൈരുദ്ധ്യമാവും ഉണ്ടാവുക. ഇതിനെ ചോദ്യം ചെയ്ത് ആരെങ്കിലും കോടതിയിൽ പോയാൽ കുഴയും.  ഇക്കാര്യങ്ങളിൽ കോടതിയിൽ നിന്നുതന്നെ ഒരു പ്രതിവിധി ഉണ്ടാകണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നത്.

Courtesy:Kerelakoumudi.com

© 2024 Live Kerala News. All Rights Reserved.