ആശാറാം ബാപ്പു കേസ്: സാക്ഷികളെ ആക്രമിച്ചവര്‍ അറസ്റ്റില്‍

ഇന്‍ഡോര്‍ (മധ്യപ്രദേശ്): ബലാത്സംഗക്കേസില്‍ ജയിലില്‍കഴിയുന്ന ആശാറാം ബാപ്പുവിനെതിരെയുള്ള കേസില്‍ സാക്ഷികളെ ആക്രമിച്ച രണ്ടുപേരെ പോലീസ് അറസ്റ്റുചെയ്തു. അഹമ്മദാബാദില്‍ നിന്നാണ് ഇവരെ പിടികൂടിയത്. ഇവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടില്ല.

 

അതിനെതിരെ ബാപ്പുവിനും മകന്‍ നാരായണ്‍ സായിക്കുമെതിരെ നാരായണിന്റെ ഭാര്യ ജാന്‍കി പരാതി നല്‍കി. ഇരുവരും മാനസികമായി പീഡിപ്പിക്കുന്നുവെന്നാണ് ഖജ്‌റാണ പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയിലെ ആരോപണം.

 

1997 മെയ് 22-ന് നാരായണിനെ വിവാഹം കഴിച്ച ജാന്‍കി (38) ഇപ്പോള്‍ ഭര്‍ത്താവില്‍നിന്ന് അകന്നുകഴിയുകയാണ്. ഗാര്‍ഹികപീഡനത്തിനും ജീവനാംശം തേടിയും നല്‍കിയിട്ടുള്ള പരാതികള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ചിലര്‍ തന്റെ കുടുംബാംഗങ്ങളെയും ബന്ധുക്കളെയും ഫോണില്‍വിളിച്ച് ഭീഷണിപ്പെടുത്തുന്നുവെന്ന് ജാന്‍കി പറയുന്നു. അതിനാല്‍ കുടുംബത്തിന് പോലീസ് സംരക്ഷണം വേണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു.

 

തന്നെ വിവാഹം കഴിച്ചശേഷം മറ്റുസ്ത്രീകളുമായി നാരായണ്‍ ബന്ധം പുലര്‍ത്തി. അത് മാനസികപീഡനമുണ്ടാക്കി. നാരായണിന്റെ മതചര്യകള്‍ പുറംപൂച്ചുമാത്രമാണ്. ശിഷ്യയെ ഗര്‍ഭിണിയാക്കിയയാളാണ്. ഭോപ്പാലിലെ വലിയ വിലവരുന്ന വസ്തു എഴുതിനല്‍കാന്‍ ആശാറാം ബാപ്പു തന്റെ അച്ഛന്റെമേല്‍ സമ്മര്‍ദം ചെലുത്തി – എന്നിങ്ങനെയാണ് ജാന്‍കിയുടെ ആരോപണങ്ങള്‍.

 

ബലാത്സംഗം ഉള്‍പ്പെടെ വിവിധകേസുകളില്‍ പ്രതിയായി സൂറത്ത് ജയിലില്‍ കഴിയുകയാണ് നാരായണ്‍. ആശ്രമത്തിലെ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ബലാത്സംഗംചെയ്‌തെന്ന കേസില്‍ ജോധ്പുര്‍ ജയിലിലാണ് ആശാറാം.

© 2024 Live Kerala News. All Rights Reserved.