മേയര്‍ ആര്യ രാജേന്ദ്രനോട് മോശമായി പെരുമാറിയ സംഭവം; കെഎസ്ആര്‍ടിസി ഡ്രൈവറെ ഡ്യൂട്ടിയില്‍ നിന്ന് മാറ്റി

തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രനോട് കെഎസ്ആര്‍ടിസി ഡ്രൈവര്‍ മോശമായി പെരുമാറിയെന്ന പരാതിയില്‍ KSRTC ഡ്രൈവറെ ഡ്യൂട്ടിയില്‍ നിന്ന് മാറ്റി. ഡ്യൂട്ടിക്ക് കയറേണ്ടെന്ന് നിര്‍ദേശം. ഡ്രൈവര്‍ ലൈംഗീകചുവയോടെ സംസാരിച്ചെന്ന് ആര്യ രാജേന്ദ്രന്‍ പറഞ്ഞു. ഡ്രൈവര്‍ DTOയ്ക്ക് മുമ്പാകെ വിശദീകരണം നല്‍കണം. KSRTC ഡ്രൈവര്‍ H L യദുവിനെതിരെയാണ് നടപടി.

ഡ്രൈവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. വാഹനത്തിന് സൈഡ് നല്‍കാത്തതല്ല പ്രശ്നം, ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചു. വാഹനം തടഞ്ഞുനിര്‍ത്തിയല്ല സിഗ്‌നലില്‍ നിര്‍ത്തിയപ്പോഴാണ് സംസാരിച്ചതെന്നും ആര്യ രാജേന്ദ്രന്‍ പറഞ്ഞു. ഇടത് ഭാഗത്ത് കൂടെ ഓവര്‍ ടേക്ക് ചെയ്യാനും കാറില്‍ പലതവണ ഇടിക്കാനും ശ്രമിച്ചു. ഡ്രൈവര്‍ ലഹരി ഉപയോഗിച്ചു നിയമപരമായി നീങ്ങുമെന്ന് ആര്യ രാജേന്ദ്രന്‍ പറഞ്ഞു.

കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവ് എംഎല്‍എയും പരാതി നല്‍കിയിരിക്കുന്നത്. പരാതിയില്‍ ആര്യ രാജേന്ദ്രന്റെ മൊഴി ഇന്ന് പൊലീസ് രേഖപ്പെടുത്തും. മൊഴി രേഖപ്പെടുത്താന്‍ പൊലീസ് മേയറോട് സമയം ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, കാര്‍ ബസിന് കുറുകെയിട്ട് ട്രിപ്പ് മുടക്കിയെന്ന് ആരോപിച്ചുള്ള കെഎസ്ആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ കഴമ്പില്ലെന്ന നിലപാടിലാണ് പൊലീസ്.

© 2024 Live Kerala News. All Rights Reserved.