പിടിയിലായത് മദ്യപിച്ചെത്തിയ 41 കെഎസ്ആർടിസി ഡ്രൈവർമാർ: സ്‌ക്വാഡ് വന്നതോടെ ഡ്രൈവര്‍മാര്‍ മുങ്ങി, പല ട്രിപ്പുകളും മുടങ്ങി

തിരുവനന്തപുരം: മദ്യപിച്ച് ബസോടിക്കുന്ന കെ എസ് ആർ ടി സി ഡ്രൈവർമാരെ പൂട്ടാനുറച്ച് ഗതാഗത വകുപ്പ്. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ നടത്തിയ പരിശോധനയിൽ 41 കെ എസ് ആർ ടി സി ഡ്രൈവർമാരാണ് മദ്യപിച്ച് ബസോടിച്ചതിന് പിടിയിലായത്. കെ എസ് ആർ ടി സിയിലെ തൊഴിലാളി സംഘടനകളുടെ പ്രതിഷേധം വകവെക്കാതെയാണ് ​ഗതാ​ഗത മന്ത്രിയുടെ നിർദ്ദേശമനുസരിച്ച് പരിശോധന കർശനമാക്കിയത്. ജോലിക്ക് കയറുന്നതിന് മുമ്പ് നടത്തുന്ന പരിശോധനയിലാണ് മദ്യപിച്ചെത്തിയ ഡ്രൈവർമാർ കുടുങ്ങിയത്.

മദ്യപിച്ച് വാഹനം ഓടിക്കുന്ന ഡ്രൈവർമാരുടെ എണ്ണം വർദ്ധിച്ച പശ്ചാത്തലത്തിലാണ് ഗതാഗത വകുപ്പ് നടപടി കർശനമാക്കിയത്. കെഎസ്ആർടിസി ബസുകൾ ഇടിച്ചുള്ള അപകടങ്ങൾ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വലിയ ചർച്ചയായിരുന്നു. പട്ടാപ്പകൽ പോലും അമിതവേഗതിയിലാണ് പല ബസ്സുകളും ഓടിക്കൊണ്ടിരുന്നത്. ഇതിനു പിന്നാലെയാണ് ജോലിക്ക് കയറുന്നതിന് മുമ്പ് ഡ്രൈവർമാക്ക് ബ്രീത്ത് അനലൈസർ ടെസ്റ്റ് നിർബന്ധമാക്കിയത്.

കഴിഞ്ഞ മൂന്നു ദിവസത്തിനിടെ അനലൈസർ ടെസ്റ്റിൽ കുടുങ്ങിയത് 41 ഡ്രൈവർമാരാണ്. ഇവരിൽ പലരുടെയും രക്തത്തിൽ 185ന് മുകളിലാണ് മദ്യത്തിന്റെ അളവ്. പല ജില്ലകളിലും സ്‌ക്വാഡ് വരുന്നതറിഞ്ഞു ഡ്രൈവർമാർ മുങ്ങുന്ന സാഹചര്യവും ഉണ്ടായി. ഇതിലൂടെ ലക്ഷങ്ങളുടെ നഷ്ടമാണ് കോർപ്പറേഷന് ഉണ്ടായത്. ഇത്തരത്തിൽ സർവീസ് മുടങ്ങുന്ന സാഹചര്യം ഉണ്ടായാൽ നഷ്ടം ജീവനക്കാരിൽ നിന്നിടാക്കാനാണ് ഗതാഗത മന്ത്രിയുടെ നിർദേശം. ബ്രീത്ത് അനലൈസർ ടെസ്റ്റ് നിർബന്ധമാക്കുന്നതോടെ ഡ്രൈവർമാരുടെ മദ്യപാനം കുറയ്ക്കാനാകുമെന്നാണ് കോർപ്പറേഷന്റെ വിലയിരുത്തൽ.

അതേസമയം മന്ത്രിയുടെ തീരുമാനത്തിനെതിരെ തൊഴിലാളി സംഘടനകൾക്കിടയിൽ തന്നെ മുറുമുറുപ്പ് ശക്തമാണ്. ഇക്കാര്യം സംഘടനാ നേതാക്കൾ മന്ത്രിയെ അറിയിക്കുകയും ചെയ്തു. എന്നാൽ അപകടങ്ങൾ തുടർക്കഥയാകുന്ന പശ്ചാത്തലത്തിൽ പരിശോധനയുടെ കാര്യത്തിൽ വിട്ടുവീഴ്ചയ്ക്ക് ഇല്ലെന്നാണ് ഗതാഗത മന്ത്രിയുടെ നിലപാട്. ഇക്കാര്യം അനൗദ്യോഗികമായി അംഗീകൃത തൊഴിലാളി സംഘടന നേതാക്കളെ മന്ത്രിയുടെ ഓഫീസ് ഇതിനോടകം തന്നെ അറിയിച്ചതായാണ് വിവരം.

© 2024 Live Kerala News. All Rights Reserved.