ഞങ്ങള്‍ ഇവിടെ സുരക്ഷിതരല്ല, എന്നാല്‍ കാവിപ്പാര്‍ട്ടിയുടെ ഗൂഢാലോചനയെ ഞങ്ങള്‍ ഭയപ്പെടുന്നില്ല; മമത ബാനര്‍ജി

കൊല്‍ക്കത്ത: ബി.ജെ.പിക്കെതിരെ വിണ്ടും ആരോപണവുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. തനിക്കും തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കുമെതിരെ ബി.ജെ.പി. ഗൂഢാലോചന നടത്തുന്നെന്ന് മമത ബാനര്‍ജി പറഞ്ഞു. തങ്ങള്‍ സുരക്ഷിതരല്ലെന്നും എന്നാല്‍ തങ്ങള്‍ക്ക് ഭയമില്ലെന്നും മമത ബാനര്‍ജി പറഞ്ഞു. ബംഗാളിലെ ബലുര്‍ഘട്ട് ലോക്സഭാ മണ്ഡലത്തിലെ കുമാര്‍ഗഞ്ജില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു മമത.

‘ബി.ജെ.പി. എന്നേയും അഭിഷേക് ബാനര്‍ജിയെയും ലക്ഷ്യമിടുകയാണ്. ഞങ്ങള്‍ ഇവിടെ സുരക്ഷിതരല്ല. പക്ഷേ, കാവിപ്പാര്‍ട്ടിയുടെ ഗൂഢാലോചനയെ ഞങ്ങള്‍ ഭയപ്പെടുന്നില്ല. തൃണമൂല്‍ നേതാക്കള്‍ക്കും പശ്ചിമ ബംഗാളിലെ ജനങ്ങള്‍ക്കുമെതിരെയുള്ള ഗൂഢാലോചനയ്ക്കെതിരെ ജാഗരൂകരായിരിക്കണമെന്ന് എല്ലാവരോടും ഞാന്‍ ആവശ്യപ്പെടുന്നു’, മമത ബാനര്‍ജി പറഞ്ഞു.

തൃണമൂലിനേയും അതിന്റെ ഉന്നത നേതാക്കളേയും പിടിച്ചുകുലുക്കുന്ന വന്‍ സ്ഫോടനം തിങ്കളാഴ്ച നടക്കുമെന്ന് ബംഗാളിലെ ബി.ജെ.പി. നേതാവ് സുവേന്ദു അധികാരി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മമതയുടെ പ്രതികരണം. അനധികൃതമായി ഉണ്ടാക്കിയ സ്വത്തുക്കളേയും സ്വന്തം കുടുംബത്തേയും സംരക്ഷിക്കാനായി ബി.ജെ.പിയില്‍ ചേര്‍ന്ന വിശ്വാസവഞ്ചകനാണ് സുവേന്ദു അധികാരിയെന്ന് മമത പറഞ്ഞു. ഓലപ്പടക്കം പൊട്ടുമെന്ന അദ്ദേഹത്തിന്റെ ഭീഷണിയെ തങ്ങള്‍ അവജ്ഞയോടെയാണ് കാണുന്നതെന്നും മമത കൂട്ടിച്ചേര്‍ത്തു.

ദൂരദര്‍ശന്റെ ലോഗോയുടെ നിറം കാവിയാക്കിയതിനേയും മമത രൂക്ഷമായി വിമര്‍ശിച്ചു. ‘എന്തുകൊണ്ടാണ് ദൂരദര്‍ശന്റെ ലോഗോ പെട്ടെന്ന് കാവി നിറമായത്? അതിനെ ഞങ്ങള്‍ ശക്തമായി എതിര്‍ക്കുന്നു. എന്തുകൊണ്ടാണ് സൈനികരുടെ ഔദ്യോഗിക വസതികള്‍ക്ക് കാവി പെയിന്റടിച്ചത്? എന്തുകൊണ്ടാണ് കാശിയിലെ പോലീസുകാരുടെ യൂണിഫോമിന്റെ നിറം കാവിയാക്കി മാറ്റിയത്?’, മമത ചോദിച്ചു.

‘ബി.ജെ.പി. ഏകാധിപത്യഭരണമാണ് നടത്തുന്നത്. അവര്‍ വീണ്ടും അധികാരത്തിലെത്തിയാല്‍ ഭാവിയില്‍ രാജ്യത്ത് തിരഞ്ഞെടുപ്പുകള്‍ ഉണ്ടാകില്ല. ഒരു നേതാവേ ഉണ്ടാകൂ. ഒരു പാര്‍ട്ടിയുടെ ഭരണമേ ഉണ്ടാകൂ. വിവിധ സമുദായങ്ങളുടെ മതപരമായ അവകാശം അവര്‍ അപകടത്തിലാക്കും’, മമത പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.