മോദിക്ക് സ്വന്തം അക്കൗണ്ട് വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ധൈര്യമുണ്ടോ?തുഗ്ലക്കിനേയും ഹിറ്റ്‌ലറെയും കടത്തിവെട്ടുകയാണ് മോദി; നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് മമതാ ബാനര്‍ജി

ലഖ്‌നൗ: 500ന്റെയും 1000ന്റെയും നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തിന് പിന്നാലെ ബിജെപി ജനപ്രതിനിധികളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. മോദിക്ക് സ്വന്തം അക്കൗണ്ട് വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ധൈര്യമുണ്ടോയെന്ന് മമത ചോദിച്ചു. നോട്ട് നിരോധനത്തിനെതിരെ ഉത്തര്‍പ്രദേശില്‍ നടന്ന പ്രതിഷേധ പരിപാടികള്‍ക്കിടെയാണ് മമതയുടെ വെല്ലുവിളി.
മറ്റുള്ളവര്‍ വിവരങ്ങള്‍ വെളിപ്പെടുത്തുന്നതിന് മുന്‍പേ മോദിയും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായും സ്വന്തം അക്കൗണ്ട് വിവരങ്ങള്‍ വെളിപ്പെടുത്തണം. നോട്ട് പിന്‍വലിക്കല്‍ നിലവില്‍ വരുന്നതിനു മുമ്പുതന്നെ വന്‍ തുകയുടെ നിരവധി വസ്തുവകകള്‍ ബി.ജെ.പിയുടെയും അധ്യക്ഷനായ അമിത് ഷായുടെയും പേരിലേക്ക് മാറ്റിയെന്നും മമത ആരോപിച്ചു. തുഗ്ലക്കിനേയും ഹിറ്റ്‌ലറെയും കടത്തിവെട്ടുകയാണ് മോദി. സാധാരണ ജനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളെ കാറ്റില്‍പറത്തുകയാണ് മോദി ചെയ്തത്. കച്ചവടവും വിപണിയും കൃഷിയുമെല്ലാം താറുമാറാക്കിയ നോട്ട് നിരോധനം പിന്‍വലിക്കുംവരെ സമരം തുടരുമെന്നും മമത വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ്ബി.ജെ.പി എം.പിമാരും എം.എല്‍.എമാരും ബാങ്ക് ഇടപാടുകളുടെ വിശദാംശങ്ങള്‍ നല്‍കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടത്. നോട്ട് അസാധുവാക്കിയ നവംബര്‍ 8 മുതല്‍ ഡിസംബര്‍ 31 വരെയുള്ള ഇടപാടുകളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായ്ക്കു നല്‍കണമെന്നാണ് നിര്‍ദേശം.

© 2024 Live Kerala News. All Rights Reserved.