പുരാവസ്തു തട്ടിപ്പ് കേസ്; അന്വേഷണം അവസാനിപ്പിച്ച് ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പ് കേസില്‍ അന്വേഷണം അവസാനിപ്പിച്ച് ക്രൈംബ്രാഞ്ച്. കേസില്‍ രണ്ടും മൂന്നും ഘട്ട കുറ്റപത്രം സമര്‍പ്പിച്ചു. മുന്‍ ഡിഐജി എസ് സുരേന്ദ്രന്‍, ഐജി ലക്ഷ്മണ്‍ എന്നിവരാണ് പുതിയ പ്രതികള്‍. എന്നാല്‍ ഇവര്‍ പണം വാങ്ങിയതിന് തെളിവില്ലെന്ന് കുറ്റപത്രത്തില്‍ പറയുന്നു. എസ് സുരേന്ദ്രന്റെ ഭാര്യ ബിന്ദുലേഖ, ശില്‍പി സന്തോഷ് എന്നിവരും പ്രതികളാണ്. തട്ടിച്ച പണം മുഴുവന്‍ കണ്ടെത്താന്‍ ക്രൈംബ്രാഞ്ചിന് കഴിഞ്ഞിട്ടില്ല.

അതേസമയം അഞ്ച് കോടി നാല്‍പത്തിയഞ്ച് ലക്ഷം രൂപ ചെലവായതിന് തെളിവ് കിട്ടിയിട്ടുണ്ട്. പത്ത് കോടി നല്‍കിയെന്നായിരുന്നു പരാതി. ബാക്കി തുക കണ്ടെത്താന്‍ അന്വേഷണം തുടരും എന്ന് കുറ്റപത്രത്തില്‍ പറയുന്നു. മുന്‍ ഡിഐജി സുരേന്ദ്രനും ഐജി ലക്ഷ്മണനും പണം വാങ്ങിയതിന് തെളിവില്ല. ഉദ്യോഗസ്ഥര്‍ തട്ടിപ്പിന് കൂട്ടു നിന്നു എന്ന് കുറ്റപത്രത്തില്‍ പറയുന്നു. വിശ്വാസ വഞ്ചന കുറ്റം മാത്രമാണ് ചുമത്തിയിരിക്കുന്നത്.

© 2024 Live Kerala News. All Rights Reserved.