ഇസ്രയേലും ഹമാസും തമ്മിലുള്ള താല്‍ക്കാലിക വെടിനിര്‍ത്തല്‍ അടുത്ത തിങ്കളാഴ്ചയോടെ സാധ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. വെടിനിര്‍ത്തലുമായി ബന്ധപ്പെട്ടുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് ന്യൂയോര്‍ക്കില്‍ മറുപടി പറയുകയായിരുന്നു ബൈഡന്‍.ഗാസയിലെ ഇസ്രയേല്‍ ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് വാഷിങ്ടണിലെ ഇസ്രയേല്‍ എംബസിക്ക് മുന്നില്‍ അമേരിക്കന്‍ വ്യോമ സേനയിലെ സജീവ പ്രവര്‍ത്തകന്‍ സ്വയം തീകൊളുത്തി മരിച്ച് മണിക്കൂറുകള്‍ക്കമാണ് ബൈഡന്റെ പ്രതികരണം വന്നത്. അമേരിക്കന്‍ പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പിന് മത്സരിക്കുന്ന ബൈഡനെ സംബന്ധിച്ച് ഇസ്രേയല്‍-ഹമാസ് യുദ്ധം നീളുന്നതും രാഷ്ട്രീയപരമായ സംഘര്‍ഷങ്ങള്‍ക്കു കാരണമാകും.
ബന്ദികളെ മോചിപ്പിക്കുന്നതിന് വേണ്ടി ആഴ്ചകളോളം യുദ്ധം താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ ഇസ്രയേലിന്റെ യുദ്ധ മന്ത്രിസഭ അനുമതി നല്‍കിയിരുന്നു. ഇതിലൂടെ ഗാസയിലേക്ക് സഹായവുമായെത്തുന്ന നൂറുകണക്കിന് ട്രക്കുകള്‍ക്ക് പ്രവേശിക്കാന്‍ സാധിക്കും. പട്ടിണിയും പോഷാകാഹാരക്കുറവ് മൂലമുള്ള മരണവും വര്‍ധിക്കുന്നതിനിടയിലും ഇസ്രയേലിന്റെ തുടരെയുള്ള വെടിവെപ്പ് കാരണം ഐക്യരാഷ്ട്ര സഭയുടെ ഫുഡ് ഏജന്‍സി വടക്കന്‍ ഗാസയിലേക്ക് പ്രവേശിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. നിലവില്‍ ഒക്ടോബര്‍ ഏഴിന് തുടങ്ങിയ യുദ്ധത്തില്‍ ഗാസയില്‍ നിന്നും 29,782 പേരാണ് കൊല്ലപ്പെട്ടത്. 70,043 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.നിലവിലെ പ്രശ്നങ്ങളില്‍ പുതിയ ഭേദഗതികള്‍ അവതിരിപ്പിച്ചിട്ടുണ്ടെന്നും എന്നാല്‍ വെടിനിര്‍ത്തലിന്റെയും ഗാസ മുനമ്പില്‍ നിന്നു പിന്‍വാങ്ങുന്നതിന്റെയും കാര്യത്തില്‍ ഇസ്രയേല്‍ കൃത്യമായ നിലപാടുകള്‍ അവതരിപ്പിച്ചില്ലെന്നും ഹമാസ് വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു.
”എനിക്ക് മൂന്ന് യുദ്ധ ലക്ഷ്യമാണുള്ളത്. ആദ്യത്തേത് ബന്ദികളെ വിട്ടയക്കുക. ഹമാസിനെ ഇല്ലാതാക്കലാണ് രണ്ടാമത്തേത്. ഭാവിയില്‍ ഗാസ ഇസ്രയേലിന് ഭീഷണിയായി മാറരുതെന്നതാണ് മൂന്നാമത്തെ ലക്ഷ്യം. സമ്പൂര്‍ണ വിജയം കൈവരിച്ചില്ലെങ്കില്‍ ഞങ്ങള്‍ക്ക് സമാധാനമുണ്ടാകില്ല. ഹമാസിനെ അവിടെ ഉപേക്ഷിക്കാന്‍ സാധിക്കില്ല,” എന്നായിരുന്നു നെതന്യാഹു സിബിസിയുടെ ഫേസ് ഓഫ് ദി നാഷന്‍ പരിപാടിയില്‍ പറഞ്ഞത്.ഹമാസ് ഒഴികെ നിരവധി പാര്‍ട്ടികള്‍ പാരീസില്‍ വച്ച് കഴിഞ്ഞ ആഴ്ച യോഗം ചേര്‍ന്നതായും താല്‍ക്കാലിക വെടിനിര്‍ത്തലിനുള്ള ഉടമ്പടിയുടെ അടിസ്ഥാന രൂപരേഖകള്‍ എങ്ങനെയായിരിക്കണമെന്ന് ധാരണയിലെത്തിയതായും വൈറ്റ് ഹൗസ് രാജ്യ സുരക്ഷാ ഉപദേഷ്ടാവ് ജേക് സുള്ളിവന്‍ പറഞ്ഞു.പലസ്തീനില്‍ മനുഷ്യത്വപരമായ സംഘര്‍ഷങ്ങള്‍ കൂടുന്നതിനിടയില്‍ പോരാട്ടം അവസാനിപ്പിക്കുന്നതിനും ഗാസയിലെ ഇസ്രയേല്‍ ബന്ദികളെ വിട്ടയക്കുന്നതിനും ഈജിപ്ത്, ഖത്തര്‍, അമേരിക്ക, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങള്‍ മധ്യസ്ഥരായി പ്രവര്‍ത്തിക്കുകയാണ്. ഇസ്രയേല്‍ പിടിച്ചുവെച്ച പലസ്തീന്‍ ബന്ദികളെ വിട്ടയക്കാന്‍ ഈ രാജ്യങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.