റിവോള്‍വര്‍ വാങ്ങിയതുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍; ജോ ബൈഡന്റെ മകനെതിരെ കുറ്റപത്രം ചുമത്തി

മേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ മകന്‍ ഹണ്ടര്‍ ബൈഡനെതിരെ കുറ്റപത്രം ചുമത്തി. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ബൈഡന്‍ മത്സരിക്കാനിരിക്കെയാണ് മകന്റെ പേരിലുള്ള കേസ്. അഞ്ച് വര്‍ഷം മുന്‍പ് റിവോള്‍വര്‍ വാങ്ങിയതുമായി ബന്ധപ്പെട്ട ആരോപണങ്ങളിലാണ് കേസ്. തോക്ക് വാങ്ങിയപ്പോള്‍ മയക്കുമരുന്ന് ഉപയോഗിക്കില്ലെന്ന് ഹണ്ടര്‍ എഴുതി നല്‍കിയിരുന്നു.

നേരത്തെ നികുതി വെട്ടിപ്പ് കേസിലും ബൈഡന്റെ മകന്‍ ആരോപണം നേരിട്ടിരുന്നു. പത്ത് ലക്ഷം ഡോളറിന്റെ വരുമാനത്തിന് രണ്ട് വര്‍ഷം നികുതി നല്‍കിയില്ലെന്നായിരുന്നു കേസ്. 2017, 18 വര്‍ഷത്തിലായിരുന്നു നികുതി വെട്ടിപ്പ്.

നിലവില്‍ ഡെലവെയറിലെ യുഎസ് ഡിസ്ട്രിക്റ്റ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഹണ്ടര്‍ ബൈഡനെതിരെ മൂന്ന് ക്രിമിനല്‍ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. ഹണ്ടര്‍ നിയമവിരുദ്ധമായ മയക്കുമരുന്ന് ഉപയോഗിച്ചതായി കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു. 2024 ലെ യുഎസ് പ്രസിഡന്റ് തെഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിനെതിരായി മത്സരിക്കുന്ന ജോ ബൈഡന് നിര്‍ണായകമാകും മകന്റെ വിധി.

© 2024 Live Kerala News. All Rights Reserved.