യെമനിലെ ഹൂതി കേന്ദ്രങ്ങള്‍ക്കു നേരെ യു.എസ്.-യു.കെ ആക്രമണം; ആവശ്യമെങ്കില്‍ നടപടിയെന്ന് ബൈഡന്‍

വാഷിങ്ടണ്‍: യെമനിലെ ഹൂതി കേന്ദ്രങ്ങള്‍ക്കു നേരെ ആക്രമണം നടത്തി യു.എസ്.-യു.കെ. സൈന്യങ്ങള്‍. ചെങ്കടലില്‍ കപ്പലുകള്‍ക്കു നേര്‍ക്കുള്ള ആക്രമണം തുടരുന്ന പക്ഷം പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ഹൂതികള്‍ക്ക് കഴിഞ്ഞ ദിവസം യു.എസ്. ഭരണകൂടവും സഖ്യകക്ഷികളും മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് വ്യാഴാഴ്ച യെമനില്‍ ഹൂതികളുടെ നിയന്ത്രണത്തിലുള്ള വിവിധ കേന്ദ്രങ്ങള്‍ക്കു നേരെ യു.എസ്.-യു.കെ. സൈന്യങ്ങള്‍ ആക്രമണം നടത്തിയത്.

എയര്‍ക്രാഫ്റ്റ്, കപ്പല്‍, അന്തര്‍വാഹിനി എന്നിവ ഉപയോഗിച്ചാണ് ആക്രമണങ്ങള്‍ നടത്തിയതെന്ന് പേരു വെളിപ്പെടുത്താന്‍ താത്പര്യപ്പെടാത്ത ഒരു യു.എസ്. ഉദ്യോഗസ്ഥന്‍ പറഞ്ഞു. പന്ത്രണ്ടിലധികം കേന്ദ്രങ്ങളില്‍ ആക്രമണം നടത്തി. വെറും പ്രതീകാത്മകമായിരുന്നില്ല ആക്രമണമെന്നും ഹൂതികളുടെ സൈനികശേഷിയെ ദുര്‍ബലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ആയിരുന്നു നടപടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചെങ്കടലില്‍, ഹൂതികള്‍ അന്താരാഷ്ട്ര കപ്പലുകള്‍ക്കു നേര്‍ക്ക് ഇതിന് മുന്‍പുണ്ടാകാത്ത തരത്തിലുള്ള ആക്രമണം നടത്തിയതിനെതിരായ നേരിട്ടുള്ള പ്രതികരണമാണ് ഇതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. തന്റെ നിര്‍ദേശാനുസരണം, യു.എസ്.-യു.കെ. സൈന്യങ്ങള്‍, ഓസ്ട്രേലിയ, ബഹ്റൈന്‍, കാനഡ, നെതര്‍ലന്‍ഡ്സ് എന്നിവരുടെ സഹായത്തോടെ ഹൂതി കേന്ദ്രങ്ങള്‍ക്കു മേല്‍ ആക്രമണം നടത്തുകയായിരുന്നെന്ന് ബൈഡന്‍ കൂട്ടിച്ചേര്‍ത്തു. ആവശ്യമെങ്കില്‍ ഇനിയും കൂടുതല്‍ നടപടികള്‍ക്ക് മടിക്കില്ലെന്നും വൈറ്റ്ഹൗസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ് വ്യക്തമാക്കുന്നു.

© 2024 Live Kerala News. All Rights Reserved.