ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല: പി കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് മുസ്ലിം ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. അഭ്യൂഹങ്ങളൊന്നും വേണ്ട, മത്സരിക്കില്ല എന്ന് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ലീഗ് ആവശ്യപ്പെടുന്ന അധിക സീറ്റ് എവിടെ വേണമെന്ന് പാര്‍ട്ടി യോഗത്തിന് ശേഷം അറിയിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കേരളത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം സാദിഖലി തങ്ങള്‍ തീരുമാനിക്കുമെന്നും എത്ര സീറ്റ് എന്നതില്‍ തീരുമാനമായിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇന്‍ഡ്യമുന്നണിയുടെ പ്രവര്‍ത്തനത്തെ ശക്തിപ്പെടുത്താനാണ് തീരുമാനം. ഇന്‍ഡ്യ മുന്നണി അധികാരത്തില്‍ വരണം. മതേതരത്വം രാജ്യത്ത് നിലനില്‍ക്കണം. അയോധ്യ വിശ്വാസപരമായ കാര്യമാണ്. അതിനെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതിനെ എതിര്‍ക്കണം. രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച കോണ്‍ഗ്രസ് നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മുഖ്യമന്ത്രി ഇന്നലെ മലപ്പുറത്ത് പറഞ്ഞത് ചരിത്രമാണെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. മുസ്ലിം ലീഗുമായി സിപിഐഎമ്മിനുണ്ടായിരുന്ന പഴയ ബന്ധത്തെകുറിച്ച് ഇന്നലെ മലപ്പുറത്ത് നടത്തിയപ്രസംഗത്തില്‍ മുഖ്യമന്ത്രി പരാമര്‍ശിച്ചിരുന്നു. 60 കളില്‍ ലീഗുമായി സഹകരിക്കുന്ന ഒരു കാലം ഉണ്ടായിരുന്നുവെന്നും മുഖ്യമന്ത്രി തന്റെ പ്രസംഗത്തില്‍ പറഞ്ഞിരുന്നു. മുഖ്യമന്ത്രി ചരിത്രം പറഞ്ഞു എന്നതില്‍ കവിഞ്ഞ് ഒന്നും ഇല്ലെന്നും അത് ലീഗിനെ സ്വാഗതം ചെയ്തതാണ് എന്ന് കരുതുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.

© 2024 Live Kerala News. All Rights Reserved.