ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസിനെ ഒറ്റപ്പെടുത്താന്‍ മുസ്‌ലിം ലീഗ് അനുവദിക്കില്ല, കോണ്‍ഗ്രസിന്റെ ഈ വിഷമ സന്ധിയില്‍ ദേശീയ തലത്തില്‍ എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്ന് പാര്‍ട്ടി ആലോചിക്കുകയാണെന്നു പി.കെ.കുഞ്ഞാലിക്കുട്ടി.

ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസിനെ ഒറ്റപ്പെടുത്താന്‍ മുസ്‌ലിം ലീഗ് അനുവദിക്കില്ലെന്ന് മുസ്‌ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി. കോണ്‍ഗ്രസിന്റെ ഈ വിഷമ സന്ധിയില്‍ പാര്‍ട്ടി ഒപ്പമുണ്ടാകുമെന്നും, ദേശീയ തലത്തില്‍ എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്ന് പാര്‍ട്ടി ആലോചിക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഇന്ത്യ പോലുള്ള ഒരു ജനാധിപത്യ രാജ്യത്ത് ജനാധിപത്യപരമായ സമീപനങ്ങള്‍ എടുക്കുക എന്നതാണ് ഒരു സര്‍ക്കാര്‍ ചെയ്യേണ്ടത്, എന്നാല്‍ അതിന് വിപരീതമായി അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയ ആവശ്യങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കുന്ന അവസ്ഥയാണ് ഇന്നുള്ളത്.

കോണ്‍ഗ്രസിനെ നശിപ്പിക്കാന്‍ വേണ്ടി നടത്തുന്ന ഈ പ്രവര്‍ത്തനങ്ങളെ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും എതിര്‍ക്കണം. മുസ്‌ലിം ലീഗ് ഈ സന്ദര്‍ഭത്തില്‍ ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഹ്വാനം ചെയ്ത രാജ്യവ്യാപക പ്രതിഷേധത്തെത്തുടര്‍ന്ന് രാഹുല്‍ ഗാന്ധിയെയും മറ്റ് എം.പിമാരെയും രാജ്യ തലസ്ഥാനത്ത് കസ്റ്റഡിയിലെടുത്തു.

© 2024 Live Kerala News. All Rights Reserved.