മലപ്പുറം: കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്തി ആര്‍ക്കും ദേശീയ രാഷ്ട്രീയത്തില്‍ മുന്നോട്ട് പോകാനാകില്ലെന്ന്
പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. കോണ്‍ഗ്രസ് ഇല്ലാതെ ബി.ജെ.പിയ പ്രതിരോധിക്കല്‍ സാധ്യമല്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
അവരില്ലെങ്കില്‍ ഞങ്ങളില്ല എന്നൊക്കെയുള്ള നിലപാട് ബി.ജെ.പിക്കാണ് ഗുണം ചെയ്യുകയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഇപ്പോഴും പല സംസ്ഥാനങ്ങളിലും ഭരിക്കുന്നത് കോണ്‍ഗ്രസാണ്. പല പാര്‍ട്ടികള്‍ക്കും വ്യത്യസ്ത സംസ്ഥാനങ്ങളില്‍ സ്വാധീനമുണ്ട്. സി.പി.ഐ.എമ്മിന് കേരളത്തിലാണ് സ്വാധീനം. കേരളം മാത്രം വിചാരിച്ചാല്‍ ഇന്ത്യ ഭരിക്കാന്‍ പറ്റുമോ എന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു.
ബംഗാളില്‍ സി.പി.ഐ.എം കോണ്‍ഗ്രസിനെ കൂട്ടിയാണ് മുന്നോട്ട് പോകുന്നത്. തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസുമായും ലീഗുമായും സഹകരിച്ചാണ് സി.പി.ഐ.എം പ്രവര്‍ത്തിക്കുന്നത്. ഇതൊക്കെ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നും, വരമ്പത്ത് കയറി അഭിപ്രായം പറയുന്നത് യാഥാര്‍ത്ഥ്യമാകില്ലെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു. ഇത്തരം അഭിപ്രായമൊക്കെ ഫീല്‍ഡില്‍ ഇറങ്ങുമ്പോള്‍ മാറുമെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ലീഗ് തക്ക സമയത്ത് അതിന്റെ റോള്‍ നിര്‍വഹിക്കുന്നുണ്ട്. പാര്‍ലമെന്റില്‍ ലീഗ് എം.പിമാര്‍ക്ക് ഊണ്‍ കഴിക്കാന്‍ പോലും സമയമില്ല. ചിലപ്പൊ ഊണ്‍ കഴിക്കാന്‍ പോകുമ്പോഴായിരിക്കും ഏക സിവില്‍കോഡിന്റെ ബില്‍ അവതരിപ്പിക്കുക. അപ്പം ചുട്ട് എടുക്കുന്നത് പോലെ ബില്‍ പാസാക്കുന്ന രാഷ്ട്രീയ സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ വാര്‍ഷികാഘോഷ പരിപാടികളില്‍ ലീഗ് പങ്കെടുക്കില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. പ്രതിപക്ഷ നേതാവ് പറഞ്ഞത് തന്നെയാണ് ലീഗിന്റെയും നിലപാട്.