മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് കുട്ടനാട് എംഎല്‍എ തോമസ് കെ തോമസ് എല്‍ഡിഎഫ് കണ്‍വീനര്‍ക്ക് കത്തയച്ചു

ആലപ്പുഴ : മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് കുട്ടനാട് എംഎല്‍എ തോമസ് കെ തോമസ് എല്‍ഡിഎഫ് കണ്‍വീനര്‍ക്ക് കത്തയച്ചു. എന്‍സിപിയില്‍ രണ്ടര വര്‍ഷത്തിന് ശേഷം മന്ത്രിസ്ഥാനം വച്ചുമാറം എന്ന് ധാരണയുണ്ടായിരുന്നെന്നും വിഷയത്തില്‍ മുന്നണി നേതൃത്വം ഇടപെടണമെന്നുമാണ് കത്തില്‍ പറയുന്ന ആവശ്യം.

മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് നേരത്തെ തന്നെ തോമസ് കെ തോമസ് പരസ്യ പ്രതികരണങ്ങള്‍ നടത്തിയിരുന്നു. എന്‍സിപിയില്‍ ആദ്യ രണ്ടര വര്‍ഷം മന്ത്രി സ്ഥാനം എ കെ ശശീന്ദരനും ശേഷിക്കുന്ന രണ്ടര വര്‍ഷം തനിക്കും എന്നായിരുന്നു ധാരണ. പക്ഷേ പി സി ചാക്കോ അധ്യക്ഷ സ്ഥാനത്തേക്ക് എത്തിയതോടെ ഈ ധാരണയില്‍ മാറ്റം വരുത്തിയെന്നാണ് തോമസ് കെ തോമസിന്റെ ആരോപണം. ആദ്യത്തെ ധാരണ പ്രകാരമുള്ള തീരുമാനം നടപ്പിലാക്കണം എന്ന ആവശ്യത്തിലുറച്ചാണ് ഇപ്പോള്‍ എംഎല്‍എ എല്‍ഡിഎഫ് കണ്‍വീനര്‍ക്ക് കത്ത് നല്‍കിയിരിക്കുന്നത്.

എന്നാല്‍ അഞ്ച് വര്‍ഷവും എകെ ശശീന്ദ്രന്‍ തന്നെ മന്ത്രിയായി തുടരുമെന്ന നിലപാടിലാണ് എന്‍സിപി നേതൃത്വം. ഒരുതരത്തിലുള്ള ധാരണയും ഇല്ലെന്നും നേതൃത്വം വ്യക്തമാക്കുന്നു. മുഖ്യമന്ത്രിയുടെ ഉറപ്പ് തനിക്ക് ലഭിച്ചിട്ടുണ്ടെന്നുമാണ് തോമസ് കെ തോമസിന്റെ ആരോപണം.

© 2024 Live Kerala News. All Rights Reserved.