ന്യൂയോർക്ക്: അമേരിക്കയിലെ അമ്പതുശതമാനം കോവിഡ് കേസുകൾക്കും പിന്നിൽ പുതിയ വകഭേദമായ ജെഎൻ.1 ആണെന്ന് സി.ഡി.സി.(Centers for Disease Control and Prevention). ഒമിക്രോണിന്റെ ഉപവകഭേദമായ ജെഎൻ.1 നിലവിൽ 41-ലധികം അമേരിക്കൻ രാജ്യങ്ങളിൽ സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
കഴിഞ്ഞ രണ്ടാഴ്ച്ചയ്ക്കിടെ മാത്രം ജെഎൻ.1 വകഭേദം ബാധിച്ചവരുടെ എണ്ണം കുത്തനെ കൂടിയിട്ടുണ്ടെന്ന് സി.ഡി.സി. വ്യക്തമാക്കുന്നു. പുതിയ വകഭേദത്തിന് കൂടുതൽ വ്യാപനശേഷിയുണ്ടെന്നോ അല്ലെങ്കിൽ പ്രതിരോധശക്തിയെ അതിജീവിക്കാൻ പ്രാപ്തമാണെന്നോ കരുതണമെന്നും സി.ഡി.സി. വ്യക്തമാക്കി.
ജെഎൻ.1 മൂലം ആശുപത്രിവാസങ്ങൾ കൂടുന്നില്ലെങ്കിലും ലോങ് കോവിഡ് പോലുള്ളവയുടെ സാധ്യത തള്ളിക്കളയാനാവില്ലെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. ആഗോളതലത്തിൽ തന്നെ വലിയരീതിയിൽ ജെഎൻ.1 വ്യാപനമുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. എന്നാൽ മതിയായ ടെസ്റ്റിങ് സംവിധാനവും വാക്സിനും ചികിത്സാമാർഗങ്ങളുമൊക്കെ പാലിക്കുകവഴി ജെഎൻ.1-നെ പ്രതിരോധിക്കാനാവുമെന്ന് സി.ഡി.സി. പറയുന്നു.
ഇന്ത്യയിലും കോവിഡ് നിരക്കുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പ്രതിരോധമാർഗങ്ങൾ സ്വീകരിച്ചുവരികയാണ്. നിലവിൽ യു.കെ., ഐസ്ലൻഡ്, പോർച്ചുഗൽ, സ്പെയിൻ, നെതർലൻഡ്സ്, കാനഡ, സ്വീഡൻ തുടങ്ങിയ രാജ്യങ്ങളിലും പുതിയ വകഭേദം സ്ഥിരീകരിച്ചിട്ടുണ്ട്.
ഈ വർഷം സെപ്തംബറിൽ അമേരിക്കയിലാണ് ജെ.എൻ.വൺ വകഭേദം ആദ്യമായി കണ്ടെത്തുന്നത്. തുടർന്ന് ചൈനയിലും ഈ വകഭേദം വിവിധയാളുകളിൽ സ്ഥിരീകരിക്കുകയുണ്ടായി. നിലവിൽ അമേരിക്ക, യു.കെ, ഐസ്ലൻഡ്, സ്പെയിൻ, പോർച്ചുഗൽ, നെതർലന്റ്സ് തുടങ്ങിയ രാജ്യങ്ങളിൽ ജെ.എൻ.1 വകഭേദം കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയുൾപ്പെടെ മുപ്പത്തിയെട്ട് രാജ്യങ്ങളിൽ ഈ വകഭേദം സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.