വിശ്വാസികള്‍ ഉള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്,അതുകൊണ്ട് നിലപാടെടുക്കാന്‍ സമയം വേണം; ശശി തരൂര്‍

ഡല്‍ഹി: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരണവുമായി ശശി തരൂര്‍ എം.പി. ക്ഷേത്രത്തെ രാഷ്ട്രീയ വേദി ആക്കുന്നതിനോട് യോജിപ്പില്ലെന്നും വ്യക്തികളെയാണ് ക്ഷണിച്ചിരിക്കുന്നതെന്നും ശശി തരൂര്‍.അതുകൊണ്ടുതന്നെ വ്യക്തികളാണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത്. വ്യക്തികളായി അവിടെ പോകാന്‍ തങ്ങള്‍ക്ക് അവകാശമുണ്ട്. പക്ഷെ സമയവും സാഹചര്യവും ആണ് പ്രധാനം. സി.പി.ഐ.എമ്മിന് മത വിശ്വാസം ഇല്ല. അതുകൊണ്ട് അവര്‍ക്ക് പെട്ടെന്ന് തീരുമാനം എടുക്കാം. കോണ്‍ഗ്രസ് സി.പി.ഐ.എമ്മോ ബി.ജെ.പിയോ അല്ല. വിശ്വാസികള്‍ ഉള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും അതുകൊണ്ട് നിലപാട് എടുക്കാന്‍ സമയം വേണമെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, ബിജെപിയുടെ ഒരു കെണിയിലും കോണ്‍ഗ്രസ് വീഴില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാല്‍. അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിലായിരുന്നു വേണുഗോപാലിന്റെ പ്രതികരണം. അയോധ്യയിലേത് മതപരമായ ചടങ്ങാണെന്നും അതിനെ രാഷ്ട്രീയവത്കരിക്കുന്നുവെന്നും വേണുഗോപാല്‍ പറഞ്ഞു. പങ്കെടുക്കണോ വേണ്ടയോ എന്നതില്‍ കോണ്‍ഗ്രസിന് അഭിപ്രായമുണ്ട്. ഓരോ പാര്‍ട്ടികള്‍ക്കും അവരുടേതായ അഭിപ്രായമുണ്ട്. കോണ്‍ഗ്രസിന് മേല്‍ ഒരു സമ്മര്‍ദ്ദവുമില്ല. കെപിസി സി പ്രസിഡന്റിന്റെ പ്രസ്താവനയിലെ നിലപാട് അദ്ദേഹത്തോട് ചോദിക്കണമെന്നും വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

© 2024 Live Kerala News. All Rights Reserved.