തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിനെ പിന്തുണയ്ച്ചും കെ – റെയില്‍ വിഷയത്തില്‍ യുഡിഎഫ് നിലപാടിന് വിരുദ്ധമായ നിലപാട് കൈക്കൊണ്ട ശശിതരൂര്‍ എംപിയെ നിയന്ത്രിക്കണമെന്ന് കെ.പി.സിസി മുന്‍ അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍.അതേസമയം, തരൂരിനെ കുറ്റപ്പെടുത്താത്ത നിലപാടാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ സ്വീകരിച്ചത്. ശശി തരൂരിനെ നിയന്ത്രിക്കാന്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം ഇടപെടണമെന്നാണ് മുല്ലപ്പള്ളിയുടെ നിലപാട്. തരൂര്‍ പാര്‍ട്ടിയെ മറന്ന് അഭിപ്രായം പറയാന്‍ പാടില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കുന്നു. പാര്‍ട്ടി പ്രവര്‍ത്തകര്‍ രാവും പകലും കഷ്ടപ്പെട്ടാണ് ശശി തരൂരിനെ വിജയിപ്പിച്ചത്. പാര്‍ട്ടി പ്രവര്‍ത്തര്‍ക്കും തരൂരിനും ഒരേ അച്ചടക്കമാണ് പാര്‍ട്ടിയ്ക്കുള്ളിലുള്ളത്. തരൂരിന് പ്രത്യേക നിയമങ്ങളില്ല. തരൂര്‍ പാര്‍ട്ടിയെ മറന്ന് അഭിപ്രായം പറയാന്‍ പാടില്ല. ഈ സാഹചര്യത്തില്‍ തന്നെ തരൂരിനെ അഖിലേന്ത്യാ നേതൃത്വം നിയന്ത്രിക്കണമെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി. എന്നാല്‍, ശശിതരൂര്‍ യുഡിഎഫ് നിലപാടിനൊപ്പം നില്‍ക്കുമെന്നാണ് വിഡി സതീശന്‍ പ്രതികരിച്ചത്.സില്‍വര്‍ ലൈന്‍ പദ്ധതി സംബന്ധിച്ച് യുഡിഎഫ് ഉന്നയിച്ച ചോദ്യങ്ങള്‍ പ്രസക്തമാണെന്ന് തരൂര്‍ തനിക്ക് മറുപടി നല്‍കിയിട്ടുണ്ട്. നിലപാട് തരൂര്‍ പരസ്യമായി പറയുമെന്നും സതീശന്‍ പറഞ്ഞു.കെ-റെയിലിലും സി.പി.എം വര്‍ഗീയത നിറയ്ക്കുകയാണ്. ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലാത്തതുകൊണ്ടാണ് വര്‍ഗീയ പ്രചാരണം നടത്തുന്നത്. കോടതിയെ പരിഹസിക്കുകയാണ് സര്‍ക്കാരെന്നും വിഡി സതീശന്‍ പറഞ്ഞു. കെ റെയില്‍ വിഷയത്തിന് പുറമെ നീതി ആയോഗ് ആരോഗ്യ സൂചികയില്‍ കേരളം ഒന്നാമത് എത്തിയതിന് പിന്നാലെയും തരുര്‍ സര്‍ക്കാറിനെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരുന്നു. കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും തരൂരിന് താക്കീതുമായി രംഗത്ത് എത്തിയിരുന്നു.