2026 ഫിഫ ലോകകപ്പ് രണ്ടാം റൗണ്ട് യോഗ്യതാ മത്സരത്തില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം

കുവൈറ്റ് സിറ്റി: 2026 ഫിഫ ലോകകപ്പ് രണ്ടാം റൗണ്ട് യോഗ്യതാ മത്സരത്തില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം. കുവൈറ്റിനെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയത്. കുവൈറ്റിലെ ജാബര്‍ അല്‍-അഹമ്മദ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മന്‍വീര്‍ സിങ്ങാണ് ഇന്ത്യയുടെ വിജയ ഗോള്‍ നേടിയത്.

സ്റ്റോപ്പേജ് ടൈമില്‍ കുവൈറ്റിന്റെ ഫൈസല്‍ സായിദ് അല്‍-ഹര്‍ബി രണ്ടാം പകുതിയുടെ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്ത് പോവുകയും ചെയ്തിരുന്നു. മത്സരത്തിന്റെ അവസാന മിനിറ്റുകളില്‍ കുവൈറ്റ് തങ്ങളുടെ ആക്രമണം വര്‍ധിപ്പിച്ചെങ്കിലും ഇന്ത്യന്‍ പ്രതിരോധം ഉറച്ചുനിന്നതോടെ ഗുര്‍പ്രീത് സിംഗ് സന്ധു കുവൈറ്റ് സിറ്റിയില്‍ ക്ലീന്‍ ഷീറ്റ് നിലനിര്‍ത്തി. ഇതോടെ ഇന്ത്യ ആധികാരിക വിജയം സ്വന്തമാക്കി ഗ്രൂപ്പ് എയില്‍ എല്ലാ ടീമുകളും ഓരോ മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ഖത്തറിന് പിന്നില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യയുള്ളത്.ഏഷ്യന്‍ ചാമ്പ്യന്‍ ഖത്തറുമായി നവംബര്‍ 21ന് ഭുവനേശ്വറിലാണ് ഇന്ത്യയുടെ അടുത്ത മത്സരം. ഖത്തര്‍, കുവൈറ്റ്, അഫ്ഗാനിസ്ഥാന്‍ എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് എയിലാണ് ഇന്ത്യ, ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍ ഫിഫ ലോകകപ്പ് യോഗ്യതാ റൗണ്ടിലെ മൂന്നാം റൗണ്ടിലേക്ക് മുന്നേറും. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് ടീമുകള്‍ 2027 എഎഫ്സി ഏഷ്യന്‍ കപ്പിന് യോഗ്യത നേടും.

അധികം അവസരങ്ങള്‍ പിറക്കാതിരുന്ന ആദ്യ പകുതി ഗോള്‍രഹിതമായി അവസാനിച്ചു. 60-ാം മിനിറ്റില്‍ മഹേഷ് സിങ് എടുത്ത ഫ്രീകിക്കില്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രി ഷോട്ട് എടുത്തെങ്കിലും ബ്ലോക്ക് ചെയ്യപ്പെട്ടു. അവസാനം 75-ാം മിനിറ്റിലാണ് ഇന്ത്യ ആഗ്രഹിച്ച ഗോള്‍ പിറന്നത്. ചാങ്തെയുടെ ക്രോസില്‍ നിന്ന് മനോഹരമായ ഫിനിഷിലൂടെ മന്‍വീര്‍ സിങ് ഇന്ത്യയെ മുന്നിലെത്തിച്ചു.

© 2024 Live Kerala News. All Rights Reserved.