ബ്രസീലിന് പത്തില്‍ പത്ത്

റിയോഡിജനീറോ: ലോകകപ്പിനു ശേഷം തോല്‍വിയോ സമനിലയോ എന്തെന്നറിയാതെ ബ്രസീല്‍ കോപ്പ അമേരിക്കയിലേക്ക്. കോപ്പക്കുള്ള അവസാന തയാറെടുപ്പ് മത്സരത്തില്‍ അവര്‍ ഹോണ്ടുറാസിനെ 10ന് പരാജയപ്പെടുത്തി. ലോകകപ്പില്‍ നാണംകെട്ട് പുറത്തായ ശേഷം വിജയക്കുതിപ്പ് നടത്തുന്ന കാനറികള്‍ തുടരെ പത്താം ജയമാണ് സ്വന്തമാക്കിയത്. ജര്‍മന്‍ ക്ലബ് ഹോഫന്‍ഹെയിമിനു കളിക്കുന്ന റോബര്‍ട്ടോ ഫേമിനോയാണ് ബ്രസീലിനു വേണ്ടി സ്‌കോര്‍ ചെയ്തത്. കോച്ച് കാര്‍ലോസ് ദുംഗ ചുമതലയേറ്റ ശേഷം എല്ലാ കളികളും ജയിച്ചാണ് മഞ്ഞപ്പട ചിലിയിലേക്ക് തിരിക്കുന്നത്.മറ്റു സൗഹൃദ മത്സരങ്ങളില്‍ ദക്ഷിണ കൊറിയ 30ന് യു.എ.ഇയേയും ജപ്പാന്‍ 40ന് ഇറാഖിനേയും തോല്‍പ്പിച്ചു.

മനോഹരമായ ടീം വര്‍ക്കിന്റെ ഒടുവിലായിരുന്നു ബ്രസീലിനു വേണ്ടി ഫേമിനോയുടെ ഗോള്‍. ചെല്‍സി ഡിഫന്‍ഡര്‍ ഫിലിപ് ലൂയിസാണ് വണ്‍ടൂ നീക്കത്തിലൂടെ പന്ത് ബോക്‌സിലെത്തിച്ചത്. ലൂയിസിന്റെ പാസിന് പെട്ടെന്നു തന്നെ പ്രതികരിച്ച ഫേമിനോ, മികച്ച ഫോമില്‍ വലകാത്ത ഹോണ്ടുറാസ് കീപ്പര്‍ വല്ലഡാറസിന് പ്രതികരിക്കാന്‍ കഴിയും മുമ്പ് പന്ത് വലക്കകത്താക്കി.രണ്ടാം പകുതിയില്‍ ഫിലിപ് കൗട്ടീഞ്ഞോയുടെ പകരക്കാരനായി നെയ്മര്‍ കളത്തിലെത്തിയെങ്കിലും ഗോളടിക്കാനായില്ല.

നെയ്മറിന്റെ മികച്ച ഒരു ഗോള്‍ശ്രമം വല്ലഡാറസിന്റെ മികവിനു മുമ്പില്‍ വിഫലമായി. ഫ്രെഡ്, മിറാന്‍ഡ എന്നിവരും രണ്ടാം പകുതിയില്‍ ഗോളിനടുത്തെത്തിയെങ്കിലും ലക്ഷ്യംകാണാനായില്ല. യു.എ.ഇക്കെതിരെ കീ ഹുന്‍ യോം (45), യോങ് ജെ ലീ (60), ജുങ് ഹ്യുബ് ലീ (90) എന്നിവരാണ് ദക്ഷിണ കൊറിയക്ക് മികച്ച വിജയമൊരുക്കിയത്.
കെയ്‌സുകെ ഹോണ്ട (അഞ്ച്), യൊമോകി മാകിനോ (ഒമ്പത്), ഷിന്‍ജി ഒകാസാകി (33), ഗെങ്കി ഹരാഗുചി (84) എന്നിവരാണ് ഇറാഖിനെതിരെ ജപ്പാനു വേണ്ടി ലക്ഷ്യംകണ്ടത്.

© 2024 Live Kerala News. All Rights Reserved.