ജന്‍ധന്‍ അക്കൗണ്ടുകളുടെ എണ്ണം 50 കോടി, 56 ശതമാനവും സ്ത്രീകള്‍; അഭിമാന നിമിഷമെന്ന് പ്രധാനമന്ത്രി

ഡല്‍ഹി: രാജ്യത്തെ മൊത്തം ജന്‍ധന്‍ അക്കൗണ്ടുകളുടെ എണ്ണം 50 കോടി കടന്നെന്ന് പ്രധാനമന്ത്രി. ഇത് സുപ്രധാന നാഴികക്കല്ലാണെന്നും, ജന്‍ധന്‍ അക്കൗണ്ടുകളില്‍ 56 ശതമാനവും സ്ത്രീകളുടേതാണെന്നത് സന്തോഷകരമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഒരു കുടുംബത്തില്‍ കുറഞ്ഞത് ഒരു ബാങ്ക് അക്കൗണ്ട് എങ്കിലും നിര്‍ബന്ധമായും വേണമെന്ന ലക്ഷ്യത്തോടെ 2014 ല്‍ ആരംഭിച്ച പദ്ധതിയാണ് പ്രധാനമന്ത്രി ജന്‍ധന്‍ യോജന. സാമ്പത്തിക സേവനങ്ങളും, ബാങ്കിംഗ് സേവനങ്ങളും സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടിലുള്ളവര്‍ക്കും സ്വീകാര്യമാക്കുക എന്നതാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്.

രാജ്യത്തെ ജന്‍ധന്‍ അക്കൗണ്ടുകള്‍ 50 കോടി കടന്നതായി കഴിഞ്ഞദിവസമാണ് കേന്ദ്രധനമന്ത്രാലയം അറിയിച്ചത്. ഇതില്‍ 67 ശതമാനം അക്കൗണ്ടുകളും ഗ്രാമീണ, അര്‍ദ്ധ നഗര മേഖലകളിലാണ് തുറന്നിരിക്കുന്നതെന്നും മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ജന്‍ധന്‍ അക്കൗണ്ടുകളിലെ മൊത്തം നിക്ഷേപം 2.03 ലക്ഷം കോടി രൂപയ്ക്ക് മുകളിലാണ് നിലവിലുള്ളത്. കൂടാതെ 34 കോടി റുപേ കാര്‍ഡുകള്‍ ഈ അക്കൗണ്ടുകള്‍ക്ക് സൗജന്യമായി നല്‍കിയിട്ടുണ്ടെന്നും ധനമന്ത്രാലയം അറിയിച്ചു.

© 2024 Live Kerala News. All Rights Reserved.