സർക്കാരിന് കനത്ത തിരിച്ചടി: സംസ്ഥാനത്തെ മൂന്ന് ഗവൺമെന്റ് ലോ കോളേജ് പ്രിൻസിപ്പൽമാരുടെ നിയമനം അസാധുവാക്കി ഉത്തരവ്

തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്ന് ഗവൺമെന്റ് ലോ കോളേജ് പ്രിൻസിപ്പൽമാരുടെ നിയമനം കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ അസാധുവാക്കി. യുജിസി മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തിരുവനന്തപുരം, തൃശൂർ, എറണാകുളം എന്നിവിടങ്ങളിലെ പ്രിൻസിപ്പൽ നിയമനം റദ്ദാക്കിയത്. തിരുവനന്തപുരം ഗവൺമെന്റ് ലോ കോളജ് പ്രിൻസിപ്പൽ ബിജു കുമാർ, തൃശൂർ ഗവൺമെന്റ് ലോ കോളജിലെ പ്രിൻസിപ്പൽ പി ആർ ജയദേവൻ, എറണാകുളം ലോ കോളജ് പ്രിൻസിപ്പൽ ബിന്ദു എം നമ്പ്യാർ എന്നിവരുടെ നിയമനങ്ങളാണ് റദ്ദാക്കിയത്.

എറണാകുളം ലോ കോളേജിലെ അധ്യാപകൻ ഡോ.ഗിരിശങ്കറിന്റെ പരാതിയിലാണ് ഉത്തരവ്. വൈസ് ചാൻസലർ നിയമനങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പുറമേ 12 ആർട്‌സ് ആൻഡ് സയൻസ് കോളജ് നിയമനങ്ങളും വിവാദമായിരുന്നു. ഇതിന് പിന്നാലെ ലോ കോളജ് നിയമനങ്ങൾ അസാധുവാക്കപ്പെടുന്നത് സർക്കാരിന് കനത്ത പ്രഹരമാകുകയാണ്. വിഷയത്തിൽ സംസ്ഥാന സർക്കാർ ഉടൻ അപ്പീൽ നൽകിയേക്കുമെന്നാണ് വിവരം.

© 2024 Live Kerala News. All Rights Reserved.