ഇന്ത്യയില്‍ നിന്ന് മരുന്നുകള്‍ ആവശ്യപ്പെട്ട് സൗദി അറേബ്യ

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്ന് മരുന്നുകള്‍ ആവശ്യപ്പെട്ട് സൗദി അറേബ്യ. നിലവില്‍ രാജ്യത്ത് ലഭ്യമല്ലാത്ത 300-ലധികം മരുന്നുകളുടെ പട്ടിക സഹിതമാണ് സൗദി ഫുഡ് ആന്‍ഡ് ഡ്രഗ്സ് അതോറിറ്റി (എസ്എഫ്ഡിഎ) ഇന്ത്യന്‍ ഡ്രഗ് മാനുഫാക്ചറേഴ്‌സ് അസോസിയേഷനോട് (ഐഡിഎംഎ) സഹായം ആവശ്യപ്പെട്ടത്.

കഴിഞ്ഞ മാസം എസ്എഫ്ഡിഎയുടെ പ്രതിനിധി സംഘം ഇന്ത്യയിലെത്തി മരുന്ന് നിര്‍മ്മാതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

‘സൗദിയില്‍ നിരവധി ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പ്പന്നങ്ങള്‍ ലഭ്യമല്ല. ഇത് നികത്താനായി സൗദി ഫുഡ് ആന്‍ഡ് ഡ്രഗ്‌സ് അതോറിറ്റി (എസ്എഫ്ഡിഎ) ഇന്ത്യന്‍ ഡ്രഗ്‌സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് നിര്‍മ്മാതാക്കളെ സൗദിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്’, ‘ ഐഡിഎംഎ സെക്രട്ടറി ജനറല്‍ ധാരാ പട്ടേല്‍ പറഞ്ഞു

‘ഇതാദ്യമായാണ് ഞങ്ങള്‍ക്ക് ഗള്‍ഫ് രാജ്യത്ത് നിന്ന് ഇത്തരമൊരു അഭ്യര്‍ത്ഥന ലഭിക്കുന്നത്. അവര്‍ക്ക് ആവശ്യമായ മരുന്നുകളുടെ ലിസ്റ്റ് ഞങ്ങളുടെ അംഗ കമ്പനികളുമായി പങ്കുവെച്ചിട്ടുണ്ട്. എന്നാല്‍ സൗദി എസ്എഫ്ഡിഎ മരുന്നുകള്‍ എത്ര വേണമെന്ന് അറിയിച്ചിട്ടില്ല. അതിനാല്‍, ഓരോ മരുന്നും എത്രത്തോളം വേണമെന്ന് അറിയിക്കണമെന്ന് ആവശ്യപ്പെട്ട് അവര്‍ക്ക് കത്തെഴുതിയിട്ടുണ്ട്’, പട്ടേല്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു.

എന്നാല്‍, സൗദി ഹൈക്കമ്മീഷനും എസ്എഫ്ഡിഎ വക്താവും കത്തിന് ഇതുവരെ മറുപടി നല്‍കിയിട്ടില്ല. 2021ല്‍ സൗദിയിലെ ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പ്പന്നങ്ങളുടെ വിപണി മൂല്യം 7.8 ബില്യണ്‍ ഡോളറായിരുന്നു. ഏകദേശം 4.13 ബില്യണ്‍ ഡോളറിന്റെ പേറ്റന്റുള്ള മരുന്നുകളും 2.87 ബില്യണ്‍ ഡോളറിന്റെ ജനറിക്സും 780 മില്യണ്‍ ഡോളറിന്റെ ഓവര്‍-ദി-കൗണ്ടര്‍ (OTC) മരുന്നുകളും ഇതില്‍ ഉള്‍പ്പെടുന്നു.

© 2024 Live Kerala News. All Rights Reserved.