കോയമ്പത്തൂരിൽ ക്ഷേത്രത്തിന് മുന്നിൽ നടന്ന ചാവേറാക്രമണത്തിന്റെ സൂത്രധാരൻ ജമേഷ മുബിൻ കൊല്ലപ്പെട്ടത് ഹൃദയത്തിൽ ആണി തുളഞ്ഞ് കയറിയാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്.

കോയമ്പത്തൂർ: കോയമ്പത്തൂരിൽ ക്ഷേത്രത്തിന് മുന്നിൽ നടന്ന ചാവേറാക്രമണത്തിന്റെ സൂത്രധാരൻ ജമേഷ മുബിൻ കൊല്ലപ്പെട്ടത് ഹൃദയത്തിൽ ആണി തുളഞ്ഞ് കയറിയാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. സ്‌ഫോടനം നടക്കുമ്പോൾ അതിന്റെ പ്രഹരശേഷി കൂട്ടാനായി ഇയാൾ സ്‌ഫോടക വസ്തുക്കളോടൊപ്പം ആണികളും മൂർച്ചയേറിയ മാർബിൾ കഷണങ്ങളും വാഹനത്തിനുള്ളിൽ സൂക്ഷിച്ചിരുന്നു.

ഇത്തരത്തിൽ വാഹനത്തിൽ വച്ചിരുന്ന ആണി സ്‌ഫോടനമുണ്ടായപ്പോൾ ജമേഷ മുബിന്റെ ഹൃദയത്തിൽ തുളച്ച് കയറുകയായിരുന്നു. നെഞ്ചിന്റെ ഇടത് വശത്ത് കൂടി തുളഞ്ഞ് കയറിയ ആണികളിലൊന്ന് ഹൃദയത്തിലേക്ക് തറയ്‌ക്കുകയായിരുന്നു. ഇതിന് പുറമെ ശരീരത്തിൽ നിരവധി ആണികൾ തുളഞ്ഞു കയറിയെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. സ്‌ഫോടനത്തിൽ ജമേഷ മുബിന്റെ ശരീരത്തിലാകെ പൊള്ളലേറ്റിരുന്നെങ്കിലും ശരീരം ചിന്നിച്ചിതറിയിരുന്നില്ല.

ഒക്ടോബർ 23ന് പുലർച്ചെ കോട്ടമേട് സംഗമേശ്വര ക്ഷേത്രത്തിന് മുന്നിലുണ്ടായ ചാവേർ ആക്രമണത്തിലാണ് ജമേഷ മുബിൻ കൊല്ലപ്പെടുന്നത്. സ്‌ഫോടന സ്ഥലത്ത് നിന്ന് കണ്ടെടുത്ത ഇയാളുടെ ശരീരം ഷേവ് ചെയ്ത് രോമങ്ങൾ നീക്കിയ നിലയിലായിരുന്നു. ചാവേർ ആക്രമണത്തിന് തീരുമാനിച്ച് ഉറപ്പിച്ചവർ ഇങ്ങനെ ചെയ്യാറുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.

അതേസമയം സ്‌ഫോടനമുണ്ടായി മണിക്കൂറുകൾക്കകം ഇയാളുടെ വീട്ടിൽ നടത്തിയ തിരച്ചിലിൽ 75 കിലോ സ്‌ഫോടക വസ്തുക്കളാണ് കണ്ടെടുത്തത്. ജിഹാദി ലേഖനങ്ങളും കുറിപ്പുകളും ഇവിടെ നിന്ന് കണ്ടെടുത്തിരുന്നു. കേസുമായി ബന്ധപ്പെട്ട് ആറ് പേരെയാണ് പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്. ഈ മാസം 22 വരെ ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടാൻ പുന്തമല്ലി എൻഐഎ കോടതി ഇന്നലെ ഉത്തരവിട്ടിരുന്നു.

© 2024 Live Kerala News. All Rights Reserved.