ലക്ഷ്യമിട്ടത് ആൾനാശവും സ്ഥാപനങ്ങൾ തകർക്കലും, സ്ഫോടക വസ്തുക്കൾ വാങ്ങിയത് കണ്ടെത്തി, കൂടുതൽ അറസ്റ്റ് ഇന്ന്

കോയമ്പത്തൂർ: ഉക്കടം ക്ഷേത്രത്തിന് മുമ്പിലെ സ്ഫോടനത്തിന് ഉപയോഗിച്ച സാമഗ്രികളിൽ ചിലത് പ്രതികൾ ഓൺലൈനായി വാങ്ങിയതാണെന്ന് സ്ഥിരീകരിച്ച് സിറ്റി പൊലീസ് കമ്മീഷണർ വി.ബാലകൃഷ്ണൻ. മറ്റെന്തൊക്കെ സാമഗ്രികൾ സ്ഫോടനത്തിനായി ഓൺലൈനായി ശേഖരിച്ചു എന്നറിയാനാണ് ആമസോണിനോടും ഫ്ലിപ് കാർട്ടിനോടും ഇടപാടു വിവരങ്ങൾ തേടിയതെന്ന് കമ്മീഷണർ പറഞ്ഞു. സ്ഫോടനത്തിൽ കൊല്ലപ്പെട്ട മുബീൻ കേരളത്തിലെത്തിയത് ചികിത്സാവശ്യാർത്ഥമാണെന്ന് കണ്ടെത്തിയതായി കമ്മീഷണർ വ്യക്തമാക്കി. എന്നാൽ ഇത് മറയാക്കി ആരെങ്കിലുമായി ബന്ധപ്പെട്ടോ എന്ന് പരിശോധിക്കുന്നതായും വി.ബാലകൃഷ്ണൻ പറഞ്ഞു.ആൾനാശം തന്നെയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നും കമ്മീഷണർ വ്യക്തമാക്കി.ചില സ്ഥാപനങ്ങൾ തകർക്കലും ലക്ഷ്യമിട്ടിരുന്നു.

മുബീൻ പലതവണ കേരളത്തിലെത്തിയിട്ടുണ്ടെന്നും മെഡിക്കൽ ആവശ്യങ്ങൾക്കാണ് കേരളത്തിലെത്തിയതെന്നും കണ്ടെത്തിയിട്ടുണ്ട്. ഇത് മറയാക്കിയോ എന്നും പരിശോധിക്കുന്നു.തീവ്രവാദി ആക്രമണം എന്നു ഇപ്പോൾ പറയുന്നില്ല, പക്ഷെ സമാന സ്വഭാവം, അന്വേഷണം പുരോഗമിക്കുമ്പോൾ വ്യക്തത വരുമെന്നും കമ്മിഷണർ പറഞ്ഞു. അതേസമയം സ്ഫോടനക്കേസിൽ കൂടുതൽ അറസ്റ്റ് ഇന്നുണ്ടായേക്കും. നിലവിൽ അഞ്ചുപേർ പൊലീസ് കസ്റ്റഡിയിലുണ്ട്.ചോദ്യംചെയ്യൽ തുടരുകയാണ്. കേസ് എറ്റെടുത്ത എൻഐഎ പ്രാഥമിക വിവരശേഖരണം പൂർത്തിയാക്കി.

© 2024 Live Kerala News. All Rights Reserved.