ദുരന്തമായി ദുരന്ത നിവാരണപരിശീലനം; കോളേജ് കെട്ടിടത്തിൽനിന്നു പരിശീലകൻ താഴേക്കു തള്ളിയ വിദ്യാർഥിനി മരിച്ചു

ദുരന്ത നിവാരണപരിശീലനത്തിനിടെ കോളേജ് കെട്ടിടത്തിൽനിന്നു പരിശീലകൻ താഴേക്കു തള്ളിയ വിദ്യാർഥിനി സൺഷെയ്ഡിൽ തലയിടിച്ചു മരിച്ചു. കോയമ്പത്തൂർ നരസിപുരം കലൈമകൾ കോളേജിലെ രണ്ടാം വർഷ ബിബിഎ വിദ്യാർഥിനി എൻ.ലോകേശ്വരി (19) ആണു മരിച്ചത്. പരിശീലകൻ ആർ.അറുമുഖത്തെ അറസ്റ്റ് ചെയ്തു. സുരക്ഷാച്ചട്ടങ്ങൾ പാലിക്കാതെയായിരുന്നു പരിശീലനമെന്ന് ആരോപണമുയർന്നിട്ടുണ്ട്.

കോളേജിലെ നാഷനൽ സർവീസ് സ്കീം (എൻഎസ്എസ്) നടത്തിയ പരിശീലനത്തിനിടെയാണ് അപകടമുണ്ടായത്. തീപിടിത്തമുൾപ്പെടെയുള്ള അത്യാഹിതങ്ങളുണ്ടാകുമ്പോൾ കെട്ടിടത്തിന്റെ മുകളിൽനിന്നു ചാടി രക്ഷപ്പെടാൻ വിദ്യാർത്ഥികളെ പരിശീലിപ്പിക്കുകയായിരുന്നു. ഇരുപതോളം വിദ്യാർഥികൾ കെട്ടിടത്തിന്റെ രണ്ടാം നിലയിലെ സൺഷെയ്ഡിൽ നിന്നു താഴെ വിടർത്തിപ്പിടിച്ച വലയിലേക്കു ചാടി. എന്നാൽ മടിച്ചു സൺഷെയ്ഡിൽ ഇരുന്ന ലോകേശ്വരിയെ പല വട്ടം നിർബന്ധിച്ച അറുമുഖം ഒടുവിൽ തോളിൽ പിടിച്ചുതള്ളിയതായി പൊലീസ് പറഞ്ഞു. ഒന്നാം നിലയിലെ സൺഷെയ്ഡിൽ തലയിടിച്ചുവീണ വിദ്യാർഥിനിയെ ആശുപതയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

അതേസമയം, പരിശീലകൻ അറുമുഖത്തിന്റെ യോഗ്യതയെ കുറിച്ച് സംശയമുയർന്നു. അറുമുഖം നാഷനൽ ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റിയിലെ പരിശീലകനാണെന്നാണു കോളജ് അധികൃതർ പറഞ്ഞിരുന്നത്. എന്നാൽ അതോറിറ്റി ഇക്കാര്യം ട്വിറ്ററിൽ നിഷേധിച്ചു. സുരക്ഷാച്ചട്ടങ്ങൾ പാലിക്കാതെയായിരുന്നു പരിശീലനമെന്നും ആരോപണമുയർന്നിട്ടുണ്ട്. ജില്ലാ ഭരണകൂടത്തിനും അഗ്നിശമനസേനയ്ക്കും വിവരം നൽകിയില്ല.