കോയമ്പത്തൂർ സ്ഫോടനം നടത്താൻ ഐഎസ് രീതി അവലംബിച്ചു: കുളിച്ച് ശരീരത്തിലെ മുഴുവൻ രോമവും വടിച്ചു, കുറിപ്പെഴുതി

കോയമ്പത്തൂർ: കോയമ്പത്തൂരിൽ ചാവേർ സ്ഫോടനം ഇസ്ലാമിക് സ്റ്റേറ്റ് മാതൃകയിലെന്ന് പൊലീസ്. ദീപാവലിയുടെ തലേദിവസം സംഗമേശ്വര ക്ഷേത്രത്തിന് സമീപം സ്ഫോടനം നടത്താൻ ഐഎസ് ഭീകരർ സ്വീകരിക്കുന്ന മാർ​ഗങ്ങളാണ് ജമേഷ മുബീനും സ്വീകരിച്ചതെന്നാണ് റിപ്പോർട്ട്. ആക്രമണത്തിന് മുമ്പ് ഇയാൾ കുളിച്ച് വസ്ത്രം മാറും മുമ്പ് ശരീരത്തിലെ മുഴുവൻ രോമവും വടിച്ചുകളഞ്ഞിരുന്നു.

സ്ഫോടനം നടത്താൻ ഐഎസ് രീതിയാണ് ഇയാൾ പിന്തുടർന്നതെന്ന് പൊലീസ് പറഞ്ഞു. കൃത്യത്തിന് പുറപ്പെടും മുമ്പ് പ്രാർഥിക്കുകയും ചോക്കുപയോഗിച്ച് സ്ലേറ്റിൽ ഐഎസ് പതാക വരക്കുകയും ചെയ്തെന്ന് പൊലീസ് പറഞ്ഞു. ‘അല്ലാഹുവിൻറെ ഭവനം തൊടാൻ ധൈര്യപ്പെടുന്നവൻ നശിക്കും’- എന്ന വാചകമാണ് ഇയാൾ തമിഴിൽ സ്ലേറ്റിൽ എഴുതിയത്.

സ്ഫോടനത്തിൽ മൃതദേഹം കത്തിക്കരിഞ്ഞിരുന്നു. ലഭ്യമായ ശരീരഭാഗങ്ങളുടെ പരിശോധനയിൽ ഇയാൾ ശരീരത്തിലെ മുഴുവൻ രോമവും വടിച്ചുകളഞ്ഞിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. കുളിച്ച് വസ്ത്രം മാറും മുമ്പ് രോമം വടിച്ചുകളയാൻ ഉപയോഗിച്ച ട്രിമ്മറും പൊലീസ് കണ്ടെത്തി. ശ്രീലങ്കൻ സ്ഫോടനത്തിൻറെ സൂത്രധാരൻ മൗലവി സെഹ്റാൻ ബിൻ ഹാഷിം ഇയാളെ സ്വാധീനിച്ചിരുന്നെന്നും പൊലീസ് വ്യക്തമാക്കി. വിശുദ്ധ യുദ്ധത്തിൽ ജിഹാദ് യുവാക്കളുടെ കടമയാണെന്നും കുട്ടികളുടെയും വയോധികരുടെയും ഉത്തരവാദിത്തമല്ലെന്നും മുബീൻ പേപ്പറിൽ എഴുതിയിരുന്നു.

മനുഷ്യരെ മുസ്ലീങ്ങളും കാഫിറുകളും മാത്രമായിട്ടാണ് ഇയാൾ വേർതിരിച്ചതെന്നും പൊലീസ് പറഞ്ഞു. കോയമ്പത്തൂർ മെഡിക്കൽ കോളേജിലാണ് ഇയാളുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചത്. ഇയാളുടെ പൊട്ടിത്തെറിച്ച കാറിൽ നിന്നും ഗ്യാസ് സിലിണ്ടറുകളും മറ്റ് സ്ഫോടക വസ്തുക്കളും പൊലീസ് കണ്ടെടുത്തിരുന്നു. ദേശീയ അന്വേഷണ ഏജൻസ് (എൻഐഎ)ആണ് കേസ് ഇപ്പോൾ അന്വേഷിക്കുന്നത്.

© 2024 Live Kerala News. All Rights Reserved.