തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമരാമത്ത് കരാറുകാര്‍ക്ക് കുടിശിക ഇനത്തില്‍ സർക്കാർ നല്‍കാനുള്ളത് പതിനായിരം കോടിയിലധികം രൂപ. എന്നാൽ, നിയമസഭയിലെ ചോദ്യത്തിന്റെ മറുപടിയായി മന്ത്രി മുഹമ്മദ് റിയാസ് നൽകിയത് 6 മാസത്തെ കണക്ക് മാത്രമാണ്. തിരുവനന്തപുരം ജില്ലയിലെ കരാറുകാര്‍ക്ക് 4227 കോടിയും, മലപ്പുറത്തെ കരാറുകാര്‍ക്ക് 1181 കോടിയുമാണ് കുടിശിക. തൃശൂരില്‍ 728 കോടിയുമാണ് കുടിശിക.
സമാനമായ രീതിയില്‍ എല്ലാ ജില്ലകളിലുമായി പതിനായിരം കോടിയിലധികം കൊടുത്തുതീര്‍ക്കാനുണ്ടെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു. എന്നാല്‍ ആകെ കുടിശിക എത്രയെന്ന നിയമസഭയിലെ ചോദ്യത്തിന് 1270 കോടിയെന്നാണ് കഴിഞ്ഞ മാസം മന്ത്രി മുഹമ്മദ് റിയാസ് മറുപടി നല്‍കിയത്. അതും കഴിഞ്ഞ നവംബര്‍ മുതല്‍ ഈവര്‍ഷം ഏപ്രില്‍ വരെയുള്ള കണക്കുമാത്രം.
കരാറുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളില്‍ കരാറുകാരില്‍ ആര്‍ക്കും നഷ്ടപരിഹാരം നല്‍കേണ്ടി വന്നിട്ടില്ലെന്നും വിവരാവകാശ മറുപടിയിലുണ്ട്. അതേസമയം, സംസ്ഥാനത്തെ റോഡുകളിലെ കുഴിയെണ്ണലും പഴിചാരലും മുറപോലെ പുരോഗമിക്കുകയാണ്. ഒടുവിൽ അറ്റകുറ്റപ്പണിയുടെ പേരില്‍ ഹൈക്കോടതിക്ക് വരെ വടിയെടുക്കേണ്ടി വന്നു എന്നതാണ് യാഥാർഥ്യം.