ഗുരുവായൂർ മേൽപ്പാലം ഉദ്‌ഘാടനം: മന്ത്രി മുഹമ്മദ് റിയാസിന് നേരെ കറുപ്പ് മുണ്ടുരിഞ്ഞ് പ്രതിഷേധം

തൃശൂർ: ഗുരുവായൂർ മേൽപ്പാലം ഉദ്ഘാടന ചടങ്ങിനെത്തിയ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന് നേരെ കറുപ്പ് മുണ്ട് ഉരിഞ്ഞ് പ്രതിഷേധം. മാമാ ബസാർ സ്വദേശി ബഷീറാണ് പ്രതിഷേധിച്ചത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ മദ്യ ലഹരിയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു.

ഗുരുവായൂർ മേൽപാലത്തിന്റെ ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത് സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ആയിരുന്നു സംഭവം നടന്നത്. മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടയിൽ ആയിരുന്നു മന്ത്രി മുഹമ്മദ് റിയാസ് വേദിക്ക് അടുത്തേക്ക് എത്തിയത്. ഈ സമയമാണ് ബഷീർ ഉടുത്തിരുന്ന കറുത്ത നിറമുള്ള മുണ്ട് അഴിച്ചെടുത്ത് മുഹമ്മദ് റിയാസിനു നേരെ പ്രതിഷേധിച്ചത്.

‘പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് ഇപ്പോൾ 13 റെയിൽവേ മേൽപ്പാലങ്ങളുടെ പ്രവൃത്തി ഒരുമിച്ച് പുരോഗമിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. ഇതിൽ തൃശൂർ ജില്ലയിലെ ഗുരുവായൂർ, കോഴിക്കോട് ജില്ലയിലെ ഫറോക്ക് റെയിൽവേ മേൽപാലങ്ങളുടെ പ്രവൃത്തി പൂർത്തിയായെന്നും മന്ത്രി വ്യക്തമാക്കി. കിഫ്ബിയിൽ നിന്നും 23.45 കോടി രൂപ വിനിയോഗിച്ച് കേരളത്തിൽ ആദ്യമായി പൂർണ്ണമായും സ്റ്റീൽ കോൺക്രീറ്റ് കോമ്പോസിറ്റ് സ്ട്രക്ചർ രീതിയിലാണ് നിർമ്മാണം പൂർത്തിയാക്കിയതെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

© 2024 Live Kerala News. All Rights Reserved.