കൊല്ലം: കൊല്ലത്ത് പൊട്ടറ്റോ ചിപ്‌സ് നല്‍കാത്തതിന് യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചവരില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ഇരവിപുരം സ്വദേശി മണികണ്ഠനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
അക്രമത്തില്‍ പങ്കാളികളായ മൂന്ന് പേര്‍ ഒളിവിലാണെന്നാണ് പൊലീസ് നല്‍കുന്ന വിവരം. പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
കോഴിയെ മോഷ്ടിച്ചെന്ന് ആരോപിച്ചാണ് ഇരവിപുരം വാളത്തുങ്കല്‍ സ്വദേശി നീലകണ്ഠനെ അക്രമി സംഘം മര്‍ദ്ദിച്ചതെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ പൊട്ടറ്റോ ചിപ്പ്‌സ് നല്‍കാത്തതിനാണ് തന്നെ കയ്യേറ്റം ചെയ്തതെന്നാണ് ആക്രമണത്തിന് ഇരയായ നീലകണ്ഠന്‍ പറയുന്നത്.കടയില്‍ നിന്നും ചിപ്‌സ് വാങ്ങി കഴിച്ചു വരുന്നതിനിടെ സമീപത്തുണ്ടായിരുന്ന മദ്യപാനസംഘത്തിലെ ഒരാള്‍ ലെയ്‌സ് ആവശ്യപ്പെടുകയായിരുന്നു. ചിപ്‌സ് നല്‍കാന്‍ വിസമ്മതിച്ച എട്ട് പേരടങ്ങുന്ന സംഘം മര്‍ദ്ദിക്കുകയായിരുന്നു എന്നാണ് നീലകണ്ഠന്റെ പരാതി.
തെങ്ങിന്‍ തോപ്പിലേക്ക് വലിച്ചിട്ട് അതിക്രൂരമായി തന്നെ മര്‍ദ്ദിച്ചെന്ന് നീലകണ്ഠന്‍ പറയുന്നു. അക്രമത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. അക്രമത്തില്‍ സാരമായി പരിക്കേറ്റ നീലകണ്ഠനെ കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇരവിപുരം സി.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.