സി.പി.എമ്മിനെ കടന്നാക്രമിച്ച് ആര്‍.എസ്.പി രാഷ്ട്രീയ പ്രമേയം

കൊല്ലം: ആര്‍.എസ്.പി സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായ കരട് രാഷ്ട്രീയ പ്രമേയത്തില്‍ സി.പി.എമ്മിനെതിരെ കടുത്ത വിമര്‍ശം. എസ്.എ ഡാങ്കെയുടേയും ഹര്‍കിഷന്‍ സിങ് സുര്‍ജിത്തിന്റേയും പേര് എടുത്ത് പറഞ്ഞാണ് വിമര്‍ശം.

സി.പി.എം, സി.പി.ഐ നേതാക്കള്‍ക്ക് കോണ്‍ഗ്രസുമായി അവിശുദ്ധ ബന്ധമുണ്ടായിരുന്നുവെന്ന് പ്രമേയത്തില്‍ കുറ്റപ്പെടുത്തുന്നു. 35 വര്‍ഷം സി.പി.എം സംരക്ഷിച്ചത് കോണ്‍ഗ്രസിന്റെ താല്‍പര്യങ്ങളാണ്. ഒന്നാം യു.പി.എ സര്‍ക്കാരിന് സുര്‍ജിത് പിന്തുണ നല്‍കിയത് ഏകപക്ഷീയമായാണ്. സി.പി.ഐ ഇത് അറിഞ്ഞിരിക്കാം. എന്നാല്‍ ആര്‍.എസ്.പിയും ഫോര്‍വേര്‍ഡ് ബ്ലോക്കും അറിഞ്ഞിരുന്നില്ല. പ്രമേയത്തില്‍ പറയുന്നു.

സി.പി.എം കേരള ഘടകത്തേയും പ്രമേയത്തില്‍ വിമര്‍ശിക്കുന്നുണ്ട്. വോട്ടുബാങ്ക് ലക്ഷ്യമിട്ട് സി.പി.എം ന്യൂനപക്ഷ പ്രീണനം നടത്തുന്നുവെന്നുവെന്നും പി.ഡി.പി, ഡി.സി.ഐ, ലീഗ് എന്നിവരോടുള്ള സി.പി.എം അടവ് നയം ഇടത് നിലപാടിന് വിരുദ്ധമാണെന്നും പ്രമേയം കുറ്റപ്പെടുത്തുന്നു.

രാവിലെ 10ന് പ്രതിനിധിസമ്മേളനം പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി പ്രൊഫ. ടി.ജെ.ചന്ദ്രചൂഡന്‍ ഉദ്ഘാടനം ചെയ്തു. മന്ത്രി ഷിബു ബേബിജോണ്‍ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി എ.എ.അസീസ് എം.എല്‍.എ. സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിക്കും.

കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം അബനി റോയി പ്രസംഗിക്കും. തുടര്‍ന്ന് സംഘടനാ റിപ്പോര്‍ട്ടില്‍ ചര്‍ച്ച നടക്കും. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.എസ്.വേണുഗോപാല്‍ ചെയര്‍മാനായ പ്രിസീഡിയമാണ് നടപടികള്‍ നിയന്ത്രിക്കുക. അമ്പലക്കര ശ്രീധരന്‍ നായര്‍, കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ., ഇല്ലിക്കല്‍ അഗസ്തി, കെ.സിസിലി എന്നിവരാണ് പ്രിസീഡിയത്തിലെ അംഗങ്ങള്‍. വിവിധ ജില്ലകളില്‍നിന്നുള്ള 1006 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. ഉച്ചയ്ക്ക് രണ്ടിന് രാഷ്ടീയസമ്മേളനം എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി.യുടെ അധ്യക്ഷതയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. വൈകിട്ട് ആറിന് കലാപരിപാടികള്‍ നടക്കും. എട്ടിന് രാവിലെ മുതല്‍ സംഘടനാ റിപ്പോര്‍ട്ടിന്മേല്‍ ചര്‍ച്ച. ഒമ്പതിന് രാവിലെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സനല്‍കുമാര്‍ രാഷ്ട്രീയ കരട് പ്രമേയം അവതരിപ്പിക്കും. തുടര്‍ന്ന് ചര്‍ച്ച. വൈകിട്ട് അഞ്ചിന് സംഘടനാ തിരഞ്ഞെടുപ്പ് നടക്കും.

© 2024 Live Kerala News. All Rights Reserved.