അയൽക്കാരുമായി എന്നും തർക്കം; 247 കോടിയുടെ വീട് വിറ്റ് സക്കർബർഗ്

സാന്‍ഫ്രാന്‍സിസ്കോ: റെക്കോർഡ് വിലയ്ക്ക് സാൻഫ്രാൻസിസ്കോയിലുള്ള തന്റെ വീട് വിറ്റ് ഫേസ്ബുക്ക് സഹസ്ഥാപകൻ മാർക്ക് സക്കർബർഗ്. 31 മില്ല്യണ്‍ ഡോളറിനാണ് (ഏകദേശം 247 കോടി രൂപ) വീട് വിറ്റത്. സാൻഫ്രാൻസിസ്കോയിൽ ഈ വർഷം നടന്ന വീട് കൈമാറ്റങ്ങളിൽ ഏറ്റവും ഉയർന്ന വിലയാണ് ഇത്. 2012 ൽ 10 മില്യൺ ഡോളറിനാണ് (79 കോടി രൂപ )സക്കർബർഗ് ഈ വീട് സ്വന്തമാക്കിയത്. വീട് കൈമാറ്റം ചെയ്യാനുള്ള യഥാർത്ഥ കാരണം വ്യക്തമല്ലെങ്കിലും പാർക്കിങ് സൗകര്യവുമായി ബന്ധപ്പെട്ട് അയൽക്കാർക്ക് അസംതൃപ്തി ഉണ്ടായിരുന്നതായി മാധ്യമങ്ങൾ മുൻപ് റിപ്പോർട്ട് ചെയ്തിരുന്നു.

ഡോളോറസ് പാര്‍ക്കിന് സമീപമുള്ള ലിബെര്‍ട്ടി ഹില്ലില്‍ സ്ഥിതി ചെയ്യുന്ന വീട് 1928-ല്‍ പണികഴിപ്പിച്ചതാണ്. നാല് കിടപ്പുമുറികളും നാല് ടോയ്‌ലറ്റുകളുമാണ് ഇവിടെയുള്ളത്. 7400 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് വീടിന്‍റെ നിര്‍മാണം. ഫെയ്‌സ്ബുക്ക് കമ്പനി പൊതുജനങ്ങള്‍ക്ക് ലഭ്യമായി ഏതാനും നാളുകള്‍ക്കുശേഷമാണ് സക്കര്‍ബര്‍ഗ് ഈ വീട് വാങ്ങിയത്. അദ്ദേഹത്തിന്റെ ഭാര്യ പ്രിസില്ല ചാന്‍ 2013-ല്‍ ലക്ഷക്കണക്കിന് രൂപയുടെ നവീകരണപ്രവര്‍ത്തനങ്ങള്‍ ഇവിടെ നടത്തിയിരുന്നു. വൈന്‍ റൂം, വെറ്റ് ബാര്‍, ലോന്‍ഡ്രി റൂം, ഗ്രീന്‍ ഹൗസ് എന്നിവയാണ് കൂട്ടിച്ചേര്‍ത്തത്.

© 2024 Live Kerala News. All Rights Reserved.