ആലുവ: ഫെയ്‌സ്ബുക്ക് മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗ് മകളുടെ പേരിലുള്ള ഡൊമൈന്‍ സ്വന്തമാക്കാന്‍ കൊച്ചിക്കാരന്‍ അമലിനെ സമീപിച്ചു. കഴിഞ്ഞ ഡിസംബറില്‍ അമല്‍ അഗസ്റ്റിന്‍ സ്വന്തമാക്കിയ മാക്‌സ്ചാന്‍ സുക്കര്‍ബര്‍ഗ്.ഓര്‍ഗ് (maxchanzuckerberg.org) എന്ന ഇന്റര്‍നെറ്റ് ഡൊമൈന്‍ വാങ്ങാനാണ് ഫെയ്‌സ്ബുക്ക് മേധാവി താത്പര്യ പ്രകടിപ്പിച്ചത്. കഴിഞ്ഞ ദിവസം ഇമെയിലിലാണ് ഇതു സംബന്ധിച്ച സന്ദേശം വന്നത്. മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ ധനകാര്യ ഇടപാടുകള്‍ കൈകാര്യം ചെയ്യുന്ന എൈകോണിക് ക്യാപിറ്റല്‍ എന്ന സ്ഥാപനത്തിന്റെ മാനേജര്‍ സാറാ ചാപ്പല്‍ മുഖേനയാണ് ഇമെയില്‍ അയച്ചത്. തന്റെ മകളുടെ പേരിലുള്ള ഇന്റെര്‍നെറ്റ് ഡൊമൈന്റെ ഉടമാവകാശം അമലിനാണ് എന്ന് മനസ്സിലാക്കിയ സുക്കര്‍ബര്‍ഗ് ഡൊമൈന്‍ വാങ്ങുവാന്‍ താല്‍പര്യം പ്രകടിപ്പിക്കുകയും ഗോ ഡാഡി എന്ന ഓണ്‍ലൈന്‍ വ്യാപാര വെബ്‌സൈറ്റു വഴി 700 ഡോളറിന് ഇടപാട് നടത്തുകയുമായിരുന്നു. സൈബര്‍ സ്‌ക്വാട്ടിങ്ങ് എന്ന രീതിയിലൂടെയാണ് ഇത്തരമൊരു നേട്ടം അമല്‍ സ്വന്തമാക്കിയത്.
ഈ രീതിയ്ക്ക് സമീപകാലത്തായി വര്‍ദ്ധിച്ച പ്രധാന്യമാണ് കൈവരുന്നത്. പ്രശസ്തരായ വ്യക്തികള്‍, സ്ഥാപനങ്ങള്‍ ബ്രാന്‍ഡുകള്‍ എന്നിവയുടെ ഇന്റര്‍നെറ്റ് വിലാസങ്ങള്‍ സ്വന്തമാക്കുകയാണ് ഇതിന്റെ ആദ്യപടി. പിന്നീട് ഇത് ആവശ്യക്കാര്‍ക്ക് വില്‍ക്കുന്നു. രാജ്യത്ത് നടന്നിട്ടുള്ളതില്‍ വച്ച് ഏറ്റവും ശ്രദ്ധേയമായതും പ്രധാന്യമേറിയതുമായ സൈബര്‍ സ്‌ക്വാട്ടിങ്ങ് ആണ് അമല്‍ സുക്കര്‍ബര്‍ഗുമായി നടത്തിയത്. കഴിഞ്ഞ ഡിസംബറില്‍ തന്റെ കുഞ്ഞിന് മാക്‌സിമാ ചാന്‍ സുക്കര്‍ബര്‍ഗ് എന്ന പേരിട്ടുവെന്ന് ഫേസ്ബുക്ക് മേധാവി വെളിപെടുത്തിയതിന് പിന്നാലെയാണ് അമല്‍ മാക്‌സ്ചാന്‍ സുക്കര്‍ബര്‍ഗ് എന്ന ഇന്റെര്‍നെറ്റ് ഡൊമൈന്‍ വാങ്ങുന്നത്.