വിദ്യാര്‍ത്ഥിയെ ആക്രമിച്ച കേസ് : എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ആര്‍ഷോയുടെ ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: വിദ്യാര്‍ത്ഥിയെ ആക്രമിച്ച കേസില്‍ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോയുടെ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളി. ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചതിനെ തുടര്‍ന്ന് ജില്ല കോടതി നേരത്തെ ആര്‍ഷോയുടെ ജാമ്യം റദ്ദാക്കിയിരുന്നു. ജാമ്യത്തിലിറങ്ങിയ ശേഷം സമാന കുറ്റകൃത്യം ആവര്‍ത്തിച്ചെന്നായിരുന്നു പരാതി.

കൊച്ചി സെന്‍ട്രല്‍ പൊലീസായിരുന്നു എസ്എഫ്‌ഐ നേതാവിനെ അറസ്റ്റ് ചെയ്തത്. ജില്ലാ കോടതിയില്‍ ജാമ്യ ഹര്‍ജി നല്‍കിയെങ്കിലും അത് തള്ളിയിരുന്നു. ഇതിനെതിരായ അപ്പീലാണ് ഹൈക്കോടതിയിലെത്തിയത്.

ജാമ്യത്തിലിറങ്ങിയിട്ടും വിവിധ കേസുകളില്‍ പ്രതിയായതോടെയാണ് ആര്‍ഷോയുടെ ജാമ്യം റദ്ദാക്കിയത്. വിവിധ കേസുകളില്‍ പ്രതിയായ ആര്‍ഷോയെ പിടികൂടാത്തതില്‍ ഹൈക്കോടതി കൊച്ചി പൊലീസിനോട് വിശദീകരണം തേടിയിരുന്നു.

വിവിധ അക്രമണ കേസുകളില്‍ പ്രതിയായ ആര്‍ഷോ നിലവിൽ എറണാകുളം ജില്ലാ ജയിലില്‍ റിമാന്‍ഡിലാണ്.

© 2024 Live Kerala News. All Rights Reserved.