ഉളുപ്പില്ലേ റബ്ബേ.. ഇനിയും തുടരാന്‍…..? എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി വിജിന്‍ എടാട്ട് എഴുതുന്നു..

വിദ്യാര്‍ത്ഥികള്‍ക്ക് പാഠപുസ്തകം നല്‍കുകയെന്നത് സര്‍ക്കാരില്‍ നിക്ഷിപ്തമായ ഉത്തരവാദിത്വമാണ്. കേരളത്തിലെ വിദ്യാര്‍ത്ഥികളുടെ സ്വപ്‌നങ്ങളും പ്രതീക്ഷകളും, തകര്‍ത്തുകൊണ്ടിരിക്കുന്ന സര്‍ക്കാരാണ് ഇന്ന് കേരളം ഭരിക്കുന്നത്. യു.ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം, കൃത്യമായി പാഠപുസ്തകം എത്തിക്കുകയെന്ന പ്രവര്‍ത്തനം, ഒരു സാഹസിക പ്രവര്‍ത്തനമായി മാറിയിരിക്കുന്നു.

vijin edatt

എസ്.എഫ്.ഐ

സംസ്ഥാന സെക്രട്ടറി

വിജിന്‍ എടാട്ട്  എഴുതുന്നു..

വിദ്യാഭ്യാസ മേഖലയില്‍ നാളിതുവരെ കാണാത്ത രീതിയിലുള്ള ഉദാസീനതയാണ് കഴിഞ്ഞ നാലു വര്‍ഷത്തോളമായി മന്ത്രിയില്‍ നിന്ന് പൊതുസമൂഹം ദര്‍ശിക്കുന്നത്. ഇന്ന് വരെ കണ്ടിട്ടില്ലാത്ത രീതിയില്‍ ഉള്ള മേല്ലപ്പോക്ക് നയമാണ് സര്‍ക്കാര്‍ സ്വീകരിച്ചു പോവുന്നത്. എന്നാല്‍ ലക്ഷക്കണക്കിന് വരുന്ന പാവപെട്ട വിദ്യാര്‍ഥികളുടെ പഠനം എന്ന മൗലീകാവകാശത്തിനു വേണ്ടി പ്രതിഷേധ സ്വരം ഉയര്‍ത്തിയ, സമര ഭടന്‍മാരെ, തല്ലി ചതച്ച് പ്രതിഷേധങ്ങളെ അടച്ചമര്‍ത്താനുള്ള ശ്രമമാണിപ്പോള്‍ ആഭ്യന്തര വകുപ്പില്‍ നിന്നുമുണ്ടാകുന്നത്. പാഠപുസ്തകം വൈകുന്നതില്‍ പ്രതിഷേധിച്ച മുഴുവന്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരേയും അഭിവാദ്യം ചെയ്യുന്നു. സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ അധികാരത്തിന്റെ മുഷ്ടികാട്ടി, അടിച്ചൊതുക്കുന്ന സര്‍ക്കാര്‍ നയം ആരാലും അംഗീകരിക്കുവാന്‍ സാധിക്കില്ല.

pic 9

2015 മെയ് മാസത്തില്‍ പാഠപുസ്തകം വിതരണം ചെയ്യണമെങ്കില്‍, 2014 ഒാഗസ്റ്റ് മാസമെങ്കിലും ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണം. എന്നാലിവിടെ ബോധപൂര്‍വ്വമായ വൈകിപ്പിക്കലാണ് നടന്നത്. 2015 ജനുവരി മാസമാണ് കെ.ബി.പി.എസിനെ പാഠപുസ്ത അച്ചടി ഏല്‍പ്പിക്കുന്നത്. എന്നാല്‍ ആകെ അച്ചടിക്കേണ്ട 2.33 കോടി പാഠപുസ്‌കത്തില്‍, 60 ലക്ഷം പൂര്‍ത്തീകരിക്കാന്‍ ആകില്ലെന്ന് ഏപ്രില്‍ മാസം ഒടുവില്‍ കെ.ബി.പി.എസ് സര്‍ക്കാരിനെ അറിയിച്ചു. തുടര്‍ന്ന്. മൂന്നാഴ്ചയോളം വൈകിപ്പിച്ച്, മെയ് 15 നാണ് 60 ലക്ഷം പാഠപുസ്തക അച്ചടി, സര്‍ക്കാര്‍ പ്രസ്സുകളെ ഏല്‍പ്പിച്ചുകൊണ്ട് സര്‍ക്കാര്‍ സര്‍ക്കുലര്‍ ഇറക്കുന്നത്. എന്നാല്‍ മെയ് 23 വെരെ അച്ചടിയ്ക്ക് ആവശ്യമായ മഷി, കടലാസ്, സിഡി എന്നിവ എത്തിച്ച് നല്‍കിയില്ല. ജൂണ്‍ 3 ന് അച്ചടി വകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരം സര്‍ക്കാര്‍ പ്രസ്സുകള്‍ പ്രിന്റിംങ് നിര്‍ത്തിവെയ്ക്കകയും ചെയ്തു.

കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്കാവശ്യമായ പാഠപുസ്തകം ഇനിയും ലഭിക്കാതിരിക്കുന്ന സാഹചര്യത്തില്‍ പിന്നെ എന്തിന് വേണ്ടിയാണ്, സര്‍ക്കാര്‍ ഒരു സര്‍ക്കുലര്‍ പുറത്തിറക്കിയത്…? ഇവിടെ ഗൂഢ നീക്കങ്ങള്‍ നടന്നിരിക്കുന്നു. കേരളത്തിലെ പാഠപുസ്തക അച്ചടി സ്വകാര്യ പ്രസ്സുകളെ ഏല്‍പ്പിച്ച്, പാഠപുസ്തക അച്ചടി സ്വകാര്യ വല്‍ക്കരിക്കുന്നതിന പിന്നില്‍ കോടികളുടെ അഴിമതി നടത്താനാണെന്ന് നിസംശയം പറയാം.

സ്വകാര്യ പ്രസ്സില്‍ നിന്ന് അച്ചടിക്കുമ്പോള്‍, സര്‍ക്കാര്‍ പ്രസില്‍ അച്ചടിക്കുന്നതിലും, ഏഴും, എട്ടും രൂപയാണ് ഒരു പാഠപുസ്തകത്തില്‍ അധികമായി ചിലവ് വരുന്നത്. പാഠപുസ്തകം സ്വകാര്യ പ്രസ്സുകളില്‍ നിന്ന് അച്ചടിച്ചേ മതിയാവു എന്ന വിദ്യാഭ്യാസ മന്ത്രിയുടെ നിലപാടാണ് ആദ്യം മുതലേ ചോദ്യം ചെയ്യപെടുന്നത്. ഇതിലൂടെ അഴിമതിയുടെ പുതിയ മുഖം തുറക്കുവാനാണ് മന്ത്രി ശ്രമിച്ചു കൊണ്ടിരിരുന്നത്. ജൂലൈ 18 മുന്‍പ് അച്ചടി തീര്‍ക്കാന്‍ നല്‍കിയ നിര്‍ദേശം സ്വകാര്യ പ്രസുകളെ സഹായിക്കുവാനാണെന്ന്, അരിയാഹാരം കഴിക്കുന്ന ഏതൊരു വ്യക്തിക്കും മനസ്സിലാകും. കാരണം സര്‍ക്കാര്‍ പ്രസുകള്‍ക്ക് 18 ആം തീയ്യതിക്കുള്ളില്‍ അച്ചടി തീര്‍ക്കുവാന്‍ സാധിക്കില്ലയെന്നാണ് വസ്തുത. ഇതിലൂടെ പുസ്തകങ്ങള്‍ അച്ചടിക്കുവാനുള്ള, ടെണ്ടര്‍ പോലും ഇല്ലാത്ത, സ്വകാര്യ പ്രസുകള്‍ക്ക് നല്കാം. കര്‍ണ്ണാടകയിലേയും മണിപ്പാലിലേയും സ്വകാര്യ പ്രസ് മുതാളിമാരുമായി അബ്ദു റബ്ബ് കരാറില്‍ ഏര്‍പ്പെട്ടു എന്നുവേണം ഇതിലൂടെ മനസിലാക്കുവാന്‍.

pic 3

നിയമസഭയെ പോലും അബ്ദു റബ് തെറ്റിദ്ധരിപ്പിച്ചു. സര്‍ക്കാര്‍ പ്രസ്സിന് പാഠപുസ്തകം അച്ചടിക്കുവാന്‍ ഒക്ടോബറില്‍ കരാര്‍ നല്‍കിയെന്നാണ് വിദ്യാഭ്യാസ മന്ത്രി നിയമസഭയെ അറിയിച്ചത്. എന്നാല്‍ അച്ചടിയുടെ ചുമതലയുള്ള മന്ത്രി കെ.പി മോഹനന്‍ പറയുന്നത് തങ്ങള്‍ക്കു ഓര്‍ഡര്‍ ലഭിച്ചത് ഫെബ്രുവരിയില്‍ ആണെന്നും. ഒരേ മന്ത്രി സഭയിലെ രണ്ടു മന്ത്രിമാര്‍ ഒരേ വിഷയത്തില്‍ രണ്ടു വാക്കുകള്‍ പറയുന്നു. വിഷയത്തില്‍ മുഖ്യമന്ത്രി, അനങ്ങപ്പാാറ നയമാണ് സ്വീകരിക്കുന്നത്. ഈ നിലപാട് ലക്ഷക്കണക്കിനുവരുന്ന പാവപെട്ട വിദ്യാര്‍ത്ഥികളുടെ ഭാവിയെ ആണ് ഇരുട്ടില്‍ തള്ളുന്നന്നത്.

സമരത്തെ ചോരയില്‍ മുക്കി, അടിച്ചമര്‍ത്തുകയെന്ന ഹിഡന്‍ അജണ്ടയുടെ ഭാഗമായാണ്, തിരുവനന്തപുരത്തും കോഴിക്കോടും സമര ഭടന്‍മാരെ തല്ലിച്ചതച്ചത്. അതിനു തുടര്‍ച്ചയായയെന്നോണമാണ് കണ്ണൂരിലും പോലീസിന്റെ നരനായാട്ട് നടന്നത്. പ്രതിഷേധമുയര്‍ത്തിയ പ്രവര്‍ത്തകരെ, അതിര്‍ത്തിയല്‍ തീവ്രവാദികളെ നേരിടുന്ന പോലെയാണ് പോലീസുകാര്‍ നേരിട്ടത്. നിരായുധരായ വിദ്യാര്‍ഥികളെ അടിച്ചമര്‍ത്തുവാന്‍ സര്‍ക്കാര്‍ തലത്തില്‍ നേരത്തെ തീരുമാനം ഉണ്ടായിരുന്നു.

“ലാത്തിക്ക് പകരം നീളം കൂടിയ തടികള്‍ ഉപയോഗിച്ചാണ് പോലീസ് വിദ്യാര്‍ത്ഥികളെ അടിച്ചു വീഴ്ത്തിയത്. പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റത് മുഴുവന്‍ തലക്കാണ്. എസ്എഫ്‌ഐ സംസ്ഥാന കമ്മറ്റി അംഗം പികെ റമീസിന്റെ തലക്കേറ്റ ഭീകരമായ പരിക്ക് ഇതിനൊരു ഉദാഹരണമാണ്. ഇത് കണ്ണൂരിലെ മാത്രം അവസ്ഥല്ല. കോട്ടയത്തേയും തിരുവനന്തപുരത്തേയും സ്ഥിതിയും മറിച്ചായിരുന്നില്ല.”

പലപ്പോഴായി വിത്യസ്ത രീതിയില്‍ ഉള്ള സമരങ്ങള്‍ എസ്എഫ്‌ഐ നടത്തിയിരുന്നു. അതില്‍ പ്രധാനപെട്ട സമരമായിരുന്നു, ഇന്റര്‍നെറ്റില്‍ നിന്നും പാഠപുസ്തകത്തിന്റെ കോപ്പി എടുത്ത്, കേരളത്തിലെ എല്ലാ സ്‌കൂള്‍കളിലും വിതരണം ചെയ്തത്. ഏതുവിധേനയും ഭരണത്തില്‍ കടിച്ചു തൂങ്ങണം എന്ന ഉമ്മന്‍ ചാണ്ടിയുടെ നിലപാടാണ് ഇവിടെ ചോദ്യം ചെയ്യപ്പെടേണ്ടത്. പരക്കെ അഴിമതി കാട്ടിയിട്ടും ലീഗിനെ ഭയന്നാണ് ഇതിനോടെല്ലാം ഉമ്മന്‍ചാണ്ടി കണ്ണടച്ചിരിക്കുന്നതെന്ന് നിസംശയം പറയാം. തെരുവില്‍ നടക്കുന്ന പോരാട്ടങ്ങളെ കാണാതെ എത്ര നാള്‍ ഈ സര്‍ക്കാരിനു മുന്നോട്ടു പോവുവാന്‍ സാധിക്കും ?

പാഠപുസ്തക വിവാദത്തെക്കുറിച്ച് ഇതുവരെ മിണ്ടാതിരുന്ന കെഎസ് യു ആഹ്വാനം ചെയ്ത വിദ്യാഭ്യാസ ബന്ദ് മറ്റൊരു സമര നാടകമാണെന്ന് മനസ്സിലാക്കാന്‍ ഏതൊരു കൊച്ചു കുട്ടിക്കും സാധിക്കും.

വിദ്യാര്‍ത്ഥികളെ തീവ്രവാദി കണക്കെ തല്ലിചതക്കുന്ന അധികാര വര്‍ഗ്ഗത്തിന്റെ അഹന്തയ്‌ക്കെതിരെ ഇനിയും പോരാട്ടങ്ങള്‍ തുടരുക തന്നെ ചെയ്യും… കേരളത്തിലെ വിപ്ലവ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലെ പോരാളികളില്‍ അവസാന ഹൃദയമിടിപ്പ് നലയ്ക്കും വരെ..

© 2024 Live Kerala News. All Rights Reserved.