#Support-Students: ഈ പ്രതിഷേധത്തില്‍ നമ്മുക്കും അണിചേരാം.. സോഷ്യല്‍ മീഡിയ കരിദിനാചരണം നാളെ…

കോഴിക്കോട്: പാഠപുസ്തക വിവാദത്തിൽ വിദ്യാർത്ഥി യുവജന പ്രതിഷേധത്തിന് ഐക്യദാർഢ്യവുമായി സോഷ്യൽമീഡിയയും. പാഠപുസ്തകം വൈകുന്നതിൽ പ്രതിഷേധിച്ച് ഞായറഴ്്ച സോഷ്യൽ മീഡിയയിൽ കരിദിനമാചരിക്കാനാണ് വിവിധ ഓൺലൈൻ കൂട്ടായ്മകളുടെ ആഹ്വാനം. സോഷ്യൽ മീഡിയയുടെ പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മജീഷ്യൻ ഗോപിനാഥ് മുതുകാട് ഉൾപ്പെടെയുള്ള പ്രമുഖർ രംഗത്തെത്തി.

അദ്ധ്യയന വർഷം ആരംഭിച്ച് ഒന്നരമാസം പിന്നിട്ടിട്ടും പാഠപുസ്തകങ്ങൾ വിതരണം ചെയ്യാത്ത സർക്കാർ നടപടിക്കെതിരെ നാടെങ്ങും പ്രതിഷേധമുയരുമ്പോഴാണ് സോഷ്യൽമീഡിയയും പ്രതിഷേധത്തിന്റെ ഭാഗമാവുന്നത്. ‘ ഞങ്ങൾക്ക് പഠിക്കണം പുസ്തകമെവിടെ ‘ എന്ന ചോദ്യമാണ് സോഷ്യൽ മീഡിയയിലൂടെ ഉയർത്തുന്നത്. സപ്പോർട്ട് സ്റ്റുഡന്റ്‌സ് എന്ന ഹാഷ് ടാഗിലാണ് പ്രതിഷേധം രേഖപ്പെടുത്തുന്നത്. ‘ ഞങ്ങൾക്ക് പഠിക്കണം പുസ്തകമെവിടെ ‘ എന്ന പേരിൽ പ്രത്യേക പേജും ഫേസ്ബുക്കിൽ തുടങ്ങിയിട്ടുണ്ട്.

അതേസമയം, ക്യാമ്പയിന് പിന്തുണയുമായി മജീഷ്യൻ ഗോപിനാഥ് മുതുകാട് ഉൾപ്പെടെയുള്ള പ്രമുഖർ രംഗത്തെത്തിയിട്ടുണ്ട്. കൊടുക്കുന്തോറും ഏറിടുന്ന വിദ്യ തന്നെയാണ് മഹാധനം. പക്ഷേ കൊടുക്കേണ്ടത് കൊടുക്കേണ്ടത് കൊടുക്കേണ്ട സമയത്ത് തന്നെ കൊടുക്കണമെന്ന് പ്രത്യേകം തയ്യാറാക്കി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിലിലൂടെ മുതുകാട് പറയുന്നു.

നാളെയുടെ വാഗ്ദാനങ്ങളെ വാർത്തെടുക്കുന്ന വിദ്യാഭ്യാസ പ്രക്രിയയിൽ നിസ്സംഗത പുലർത്തുന്നത് ആത്മഹത്യാപരമാണെന്നും അധികാരികൾ ഉണർന്നുതന്നെയിരിക്കട്ടെയെന്നും മുതുകാട് ഓർമിപ്പിക്കുന്നു. കരിദിനത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ആയിരക്കണക്കിനാളുകളാണ് ഫേസ്ബുക്കിൽ പ്രൊഫൈൽ ചിത്രം മാറ്റിയിരിക്കുന്നത്.

© 2024 Live Kerala News. All Rights Reserved.