പരസ്യത്തിനായി ചെലവഴിച്ചത് 37.36 കോടി: പഞ്ചാബിൽ ആംആദ്മി സര്‍ക്കാരിന്റെ ധൂർത്ത്

ന്യൂഡല്‍ഹി: അധികാരത്തിലേറി രണ്ട് മാസത്തിനകം പരസ്യത്തിനായി 37.36 കോടി രൂപ ചെലവഴിച്ച് പഞ്ചാബ് ആംആദ്മി സര്‍ക്കാര്‍. ടി.വി ചാനല്‍, റേഡിയോ, ദിനപത്രങ്ങള്‍ വഴിയാണ് ഈ പരസ്യങ്ങള്‍ നല്‍കിയത്. വിവരാവകാശ രേഖ വഴിയാണ് ഈ വിവരം ലഭിച്ചത്. ഗുജറാത്ത് ജനങ്ങളെ ഉദ്ദേശിച്ചാണ് ഈ പരസ്യങ്ങള്‍ കൂടുതലും. അത് കൊണ്ട് തന്നെ പരസ്യങ്ങള്‍ കൂടുതലും ലഭിച്ചത് ഗുജറാത്ത് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങള്‍ക്കാണ്. റിപ്പബ്ലിക്ക് ടി.വിക്കും സുദര്‍ശന്‍ ന്യൂസിനും പരസ്യം നല്‍കിയിട്ടുണ്ട്.

‘20.15 കോടി രൂപയാണ് ടി.വി, റേഡിയോ പരസ്യങ്ങള്‍ക്കായി നല്‍കിയത്. 17.21 കോടി രൂപയാണ് ദിനപത്രങ്ങള്‍ക്ക് നല്‍കിയത്. ചാനലുകള്‍ക്കും പ്രസിദ്ധീകരണങ്ങള്‍ക്കും പരസ്യം നല്‍കുന്നത് ഒരു സാധാരണ കാര്യമാണ്. മുന്‍ സര്‍ക്കാരുകളും ഇക്കാര്യം ചെയ്തിട്ടുണ്ട്’- സംസ്ഥാന പി.ആര്‍.ഡി ഡയറക്ടര്‍ സൊനാലി ഗിരി പറഞ്ഞു.

എന്നാൽ, നിലവിൽ പാര്‍ട്ടി ലക്ഷ്യമിടുന്നത് ഗുജറാത്താണ്. മണിക് ഗോയല്‍ എന്ന വിവരാവകാശ പ്രവര്‍ത്തകനാണ് പരസ്യം നല്‍കിയതിനെ കുറിച്ചുള്ള വിവരം തേടിയത്. ഗുജറാത്ത് പത്രങ്ങളുള്‍പ്പെടെ നിരവധി മാധ്യമങ്ങള്‍ക്കാണ് പരസ്യം നല്‍കിയത്. ദിവ്യ ഭാസ്‌കര്‍, കുച്ച്മിത്ര, സന്ദേശ്, പുല്‍ചബ് എന്നീ ഗുജറാത്ത് പത്രങ്ങള്‍ക്ക് പരസ്യം ലഭിച്ചു. ഗുജറാത്ത് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ടിവി ചാനലുകളും പരസ്യം ലഭിച്ച പട്ടികയിലുള്‍പ്പെട്ടിട്ടുണ്ട്. ടി.വി9 ഗുജറാത്തി, സീ 24 കലക്, സന്ദേശ് ന്യൂസ്, എ.ബി.പി അസ്മിത, ന്യൂസ് 18 ഗുജറാത്തി, വി.ടി.വി ഗുജറാത്തി, ജന്‍ത ടി.വി എന്നീ ചാനലുകള്‍ക്ക് നന്നായി പരസ്യം ലഭിച്ചു.

© 2024 Live Kerala News. All Rights Reserved.