ഡല്‍ഹി മുന്‍മന്ത്രി തോമറിന്റെ ജയില്‍വാസം പോക്കറ്റടിക്കാര്‍ക്കൊപ്പം

ന്യൂഡല്‍ഹി: വ്യാജ ബിരുദസര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന കേസില്‍ ജയിലിലായ ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹിയിലെ മുന്‍നിയമമന്ത്രിയുമായ ജിതേന്ദര്‍സിങ് തോമറിന്റെ ജയില്‍വാസം രണ്ട് പോക്കറ്റടിക്കാര്‍ക്കൊപ്പം.

കുപ്രസിദ്ധമായ തിഹാര്‍ ജയിലിലാണ് അദ്ദേഹമിപ്പോള്‍. പന്ത്രണ്ട് ദിവസം മുമ്പാണ് ഡല്‍ഹി പോലീസ് തോമറിനെ അറസ്റ്റുചെയ്തത്. ഡല്‍ഹി ബാര്‍ കൗണ്‍സില്‍ നല്‍കിയ പരാതിയിലായിരുന്നു അറസ്റ്റ്.

പന്ത്രണ്ട് ദിവസത്തെ പോലീസ് റിമാന്‍ഡ് അവസാനിച്ചതിനെ തുടര്‍ന്നാണ് ഇന്നലെ അദ്ദേഹത്തെ ജയിലിലേക്ക് മാറ്റിയത്. ഇന്ന് അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കും. ക്രിമിനലുകള്‍ക്കൊപ്പം തന്നെ ഇടരുതെന്ന തോമറിന്റെ അപേക്ഷ പോലീസ് പരിഗണിച്ചില്ലെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

വ്യാജസര്‍ട്ടിഫിക്കറ്റ് നല്‍കി ഡല്‍ഹി ബാര്‍ കൗണ്‍സിലില്‍ അഭിഭാഷകനായി അംഗത്വം നേടിയെന്നാരോപിച്ച് കഴിഞ്ഞമാസം 11നാണ് തോമറിനെതിരെ ബാര്‍കൗണ്‍സില്‍ സെക്രട്ടറി പുനീത് മിത്തല്‍ പോലീസിന് പരാതിനല്‍കിയത്. ഡല്‍ഹിയില്‍ മത്സരിക്കുമ്പോള്‍ തിരഞ്ഞെടുപ്പു കമ്മീഷന് നല്‍കിയ സത്യവാങ്മൂലത്തില്‍ തോമര്‍ നല്‍കിയ വിദ്യാഭ്യാസവിവരങ്ങള്‍ തെറ്റാണെന്ന് പരാതിയുണ്ടായിരുന്നു.

© 2024 Live Kerala News. All Rights Reserved.