അമൃത്പാൽ സിംഗിന് വേണ്ടിയുളള തിരച്ചിൽ ശക്തമാക്കി പഞ്ചാബ് പോലീസ് ; ഇതുവരെ അറസ്റ്റിലായത് 112 പേർ

ചണ്ഡീഗഡ് : ഖാലിസ്ഥാൻ അനുകൂല ഭീകരൻ അമൃത്പാൽ സിംഗിന് വേണ്ടിയുള്ള തിരച്ചിൽ ശക്തമാക്കി പഞ്ചാബ് പോലീസ്. സംസ്ഥാനത്തുടനീളം ഇന്റർനെറ്റ് മെസേജിംഗ് സേവനങ്ങൾ വിച്ഛേദിച്ചിരിക്കുകയാണ്. ഇയാളുമായി ബന്ധമുള്ള 34 ഓളം പേരെ ഇന്നലെ പോലീസ് പിടികൂടി.

ഖാലിസ്ഥാൻ വിഘടന നേതാവും വാരിസ് പഞ്ചാബ് ഡേ തലവനുമായ അമൃതപാൽ സിംഗിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത് മുതൽ ഇയാൾ ഒളിവിലാണ്. കഴിഞ്ഞ ദിവസം പോലീസിന് ഇയാളുടെ തൊട്ടടുത്ത് എത്തിയെങ്കിലും പിടികൂടാനായില്ല. അതേസമയം അമൃത്പാൽ സിംഗിനെ അനധികൃതമായി തടങ്കലിൽ പാർപ്പിച്ചിരിക്കുകയാണെന്ന് ആരോപിച്ച് അഭിഭാഷകൻ ഹൈക്കോടതിയിൽ ഒരു റിട്ട് ഹർജി സമർപ്പിച്ചിട്ടുണ്ട്.

വാരിസ് പഞ്ചാബ് ഡേയുടെ ഘടകങ്ങൾക്കെതിരെയും സംസ്ഥാനത്തെ സൗഹൃദാന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെയും നടന്നുകൊണ്ടിരിക്കുന്ന ഓപ്പറേഷനുകളുടെ ഭാഗമായി, ഞായറാഴ്ച സംസ്ഥാനത്തുടനീളം 34 അറസ്റ്റുകൾ കൂടി നടന്നു. ഇതുവരെ 112 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പഞ്ചാബ് പോലീസ് പ്രസ്താവനയിൽ പറഞ്ഞു.

അമൃത്പാൽ രക്ഷപ്പെട്ട വാഹനം കണ്ടെത്തിയതായും ആയുധങ്ങളും വാളും നിരവധി വെടിയുണ്ടകളും കണ്ടെടുത്തതായും പോലീസ് പറയുന്നു. ജലന്ധർ ജില്ലയിലെ ഒരു ഗ്രാമത്തിൽ പുലർച്ചെയാണ് ഇസുസു എസ്യുവി വാഹനം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. അമൃത്പാൽ സിംഗിന്റെ നാല് അനുയായികളെ അസമിലെത്തിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് അതീവ ജാഗ്രത തുടരുകയാണ്. ഫിറോസ്പൂർ, ബതിൻഡ, രൂപ്നഗർ, ഫരീദ്‌കോട്ട്, ബട്ടാല, ഫാസിൽക്ക, ഹോഷിയാർപൂർ, ഗുർദാസ്പൂർ, മോഗ, ജലന്ധർ തുടങ്ങി നിരവധി സ്ഥലങ്ങളിൽ സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.