ചൈനയിൽ നിന്നും പാകിസ്ഥാൻ സ്വന്തമാക്കിയ യുദ്ധക്കപ്പലുകൾ ഒരു ഉപയോഗവുമില്ലാത്ത കാഴ്ചവസ്തുക്കളാകുന്നു എന്ന് റിപ്പോർട്ട്. നിരവധി സാങ്കേതിക പോരായ്മകൾ ഈ കപ്പലുകളുടെ പ്രവർത്തനത്തെ നിരന്തരമായി തടസപ്പെടുത്തുന്നുവെന്ന് പ്രതിരോധ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പാകിസ്ഥാൻ നാവികസേനയുടെ ഭാഗമായിട്ടുള്ള ചൈനീസ് നിർമ്മിത മൾട്ടിറോൾ ഫ്രിഗേറ്റുകൾക്കാണ് സാങ്കേതിക പ്രശ്നങ്ങളുള്ളത്. കപ്പലിൽ നിന്നും മിസൈലുകൾ വിക്ഷേപിക്കാൻ കഴിയാത്ത അവസ്ഥയാണുള്ളത്
2009 ജൂലായിൽ നാല് ചൈനീസ് യുദ്ധക്കപ്പലുകൾ വാങ്ങുവാനാണ് പാകിസ്ഥാൻ തീരുമാനിച്ചത്. ഇതിൽ മൂന്നെണ്ണം ചൈന ഷിപ്പ് ബിൽഡിംഗ് ട്രേഡിംഗ് കമ്പനിയിൽ നിന്നും നേരിട്ടും, ഒരെണ്ണം ചൈനീസ് കമ്പനിയുമായുള്ള സാങ്കേതിക കൈമാറ്റ കരാറോടെ കറാച്ചി ഷിപ്പ്യാർഡ് ആൻഡ് എഞ്ചിനീയറിംഗ് വർക്ക്സിൽ നിർമ്മിച്ചതുമാണ്. 2013നുള്ളിൽ കരാർ പ്രകാരം നാല് കപ്പലുകളും പാക് നാവിക സേനയ്ക്ക് കൈമാറി. 750 മില്യൺ ഡോളറിന്റെ കരാറാണ് യുദ്ധക്കപ്പലുകൾക്കായി പാകിസ്ഥാൻ ചൈനയുമായി ഒപ്പുവച്ചത്.
ഇതാദ്യമായിട്ടല്ല ചൈനയുടെ ആയുധങ്ങൾ വാങ്ങി പാകിസ്ഥാൻ അബദ്ധത്തിലാവുന്നത്. അടുത്തിടെ പാകിസ്ഥാൻ സൈന്യം ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്ത ടാങ്കുകൾക്കും, പീരങ്കി തോക്കുകൾക്കും ഗുണനിലവാരത്തിൽ വീഴ്ചകളുണ്ടെന്ന് കണ്ടെത്തിയിരുന്നു. ലോകത്തിലെ മറ്റ് ആയുധ നിർമ്മാതാക്കളായ അമേരിക്ക, റഷ്യ എന്നിവയുടേത് പോലെ ഗുണനിലവാരത്തിൽ മുൻപന്തിയിൽ നിൽക്കാൻ ചൈനയ്ക്ക് ഒരിക്കലും കഴിഞ്ഞിട്ടില്ല. പ്രധാനമായും ചൈനീസ് ആയുധങ്ങൾ യുദ്ധത്തിൽ പരീക്ഷിക്കപ്പെടുന്നില്ലെന്നതും പോരായ്മയാണ്.