പർവേസ് മുഷാറഫ് മരിച്ചിട്ടില്ലെന്ന് കുടുംബം; അത്യാസന്ന നിലയിലെന്നും മടങ്ങിവരവ് ഉണ്ടാകില്ലെന്നും വിശദീകരണം

ദില്ലി: മുൻ പാക്കിസ്ഥാൻ പ്രസിഡന്റും സൈനിക തലവനുമായിരുന്ന ജനറൽ പർവേസ് മുഷാറഫിന്റെ മരണ വാർത്ത നിഷേധിച്ച് കുടുംബം. എന്നാൽ അദ്ദേഹത്തിന്റെ മടങ്ങിവരവ് സാധ്യമല്ലെന്നും കുടുംബം വ്യക്തമാക്കിയിട്ടുണ്ട്. പർവേസ് മുഷാറഫിന്റെ ഔദ്യോഗിക ട്വിറ്റർ ഹാന്റിലിലാണ് കുടുംബം മരണ വാർത്തയിലുള്ള പ്രതികരണം അറിയിച്ചത്.

‘അദ്ദേഹം (ജനറൽ പർവേസ് മുഷാറഫ്) വെന്റിലേറ്ററിലല്ല ഉള്ളത്. അമിലോയ്‌ഡോസിസ് എന്ന രോഗത്തെ തുടർന്ന് കഴിഞ്ഞ മൂന്നാഴ്ചയായി അദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്. അവയവങ്ങൾ കാര്യക്ഷമമായി പ്രവർത്തിക്കാത്തതിനാൽ രോഗം ഭേദമാകുമെന്ന പ്രതീക്ഷയില്ല. അതീവ സങ്കീർണമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. അദ്ദേഹത്തിന്റെ ജീവന് വേണ്ടി പ്രാർത്ഥിക്കണം’- എന്നാണ് കുടുംബം അറിയിച്ചിരിക്കുന്നത്.

പട്ടാള അട്ടിമറിയുടെ ഘട്ടത്തിൽ നവാസ് ഷെരീഫായിരുന്നു പാക്കിസ്ഥാനിൽ അധികാരത്തിലുണ്ടായിരുന്നത്. പാക് സൈനിക മേധാവിയായിരുന്നു പർവേസ് മുഷാറഫ്. 2008 ഓഗസ്റ്റ് എട്ടിനാണ് അദ്ദേഹം രാജ്യത്തെ അധികാരം ഒഴിഞ്ഞത്. പിന്നീട് വിദേശത്തേക്ക് പോവുകയായിരുന്നു. നാല് വർഷം വിദേശത്ത് താമസിച്ച മുഷാറഫ് 2013 മാർച്ച് മാസത്തിൽ പാക്കിസ്ഥാനിലേക്ക് തിരിച്ചെത്തി. പിന്നീടുള്ള തെരഞ്ഞെടുപ്പിൽ മത്സരിക്കാനായിരുന്നു ശ്രമമെങ്കിലും രണ്ട് മണ്ഡലങ്ങളിൽ സമർപ്പിച്ച പത്രികകളും തള്ളപ്പെട്ടതോടെ ഈ നീക്കം ഫലം കണ്ടില്ല.

പിന്നീട് മുഷാറഫിനെതിരെ പാക്കിസ്ഥാൻ ഭരണകൂടം നിലപാട് കടുപ്പിച്ചു. 2007 ൽ പാക്കിസ്ഥാനിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച ഘട്ടത്തിൽ ജഡ്ജിമാരെ തടവിൽ പാർപ്പിച്ചെന്ന കുറ്റത്തിൽ 2013 ഏപ്രിൽ മാസത്തിൽ ഇദ്ദേഹത്തെ പാക്കിസ്ഥാനിൽ പൊലീസ് അറസ്റ്റ് ചെയ്തു. പിന്നീട് വീട്ടുതടങ്കലിൽ കഴിയുകയായിരുന്നു. ഈ ഫാം ഹൗസും വീടും പിന്നീട് പൊലീസ് സബ് ജയിലായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

© 2024 Live Kerala News. All Rights Reserved.