ഇത്തവണയും ശമ്പളമില്ല; കെഎസ്ആർടിസി ജീവനക്കാർ ഇന്ന് മുതൽ സമരത്തിൽ

തിരുവനന്തപുരം: ജീവനക്കാർക്ക് ശമ്പളം നൽകാത്തതിൽ പ്രതിഷേധിച്ച് കെ.എസ്.ആർ.ടി.സി. ആസ്ഥാനത്ത് സി.ഐ.ടി.യു., ഐ.എൻ.ടി.യു.സി. സംഘടനകൾ ഇന്ന് അനിശ്ചിതകാല സത്യാഗ്രഹസമരം ആരംഭിക്കും. ശമ്പളം കിട്ടുന്നതുവരെ സമരം തുടരും. ബസ് സർവീസുകളെ ബാധിക്കാത്തവിധമാണ് സമരം. ബി.എം.എസ്. സെക്രട്ടേറിയറ്റിനുമുന്നിലും കെ.എസ്.ആർ.ടി.സി.യുടെ ജില്ലാ ആസ്ഥാനങ്ങളിലും ചൊവ്വാഴ്ച അനിശ്ചിതകാല ധർണ ആരംഭിക്കും.

ഐ.എൻ.ടി.യു.സി. ഡ്രൈവേഴ്‌സ് യൂണിയൻ കൂട്ടായ്മയായ ടി.ഡി.എഫിന്റെ സമരം പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. ജനറൽ സെക്രട്ടറി വി.എസ്. ശിവകുമാർ അധ്യക്ഷനാകും. കെ.എസ്.ആർ.ടി. എംപ്ലോയീസ് അസോസിയേഷന്റെ സമരം സി.ഐ.ടി.യു. സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനംചെയ്യും.

193 കോടി രൂപ മാസവരുമാനം നേടിയിട്ടും ശമ്പളം നൽകാത്തതാണ് സംഘടനകളുടെ പ്രതിഷേധത്തിനു കാരണം. ഡ്യൂട്ടി പരിഷ്കരണത്തെക്കുറിച്ച് ചർച്ചചെയ്യാൻ കെ.എസ്.ആർ.ടി.സി. എം.ഡി. വെള്ളിയാഴ്ച വിളിച്ച യോഗത്തിലാണ് ശമ്പളവിതരണത്തിലെ അനിശ്ചിതത്വം മാനേജ്‌മെന്റ് വ്യക്തമാക്കിയത്. ശമ്പളം കിട്ടിയിട്ട് ചർച്ചചെയ്യാമെന്നുപറഞ്ഞ് സംഘടനകൾ യോഗം ബഹിഷ്കരിച്ചു.

ഡീസൽ ചെലവും കൺസോർഷ്യം വായ്പ തിരിച്ചടവും കഴിഞ്ഞപ്പോൾ ഖജനാവ് കാലിയായെന്നാണ് കോർപ്പറേഷന്റെ വിശദീകരണം. ശമ്പളം ഉൾപ്പെടെ 250 കോടി രൂപ ഈ മാസം ചെലവുണ്ട്. സർക്കാരിനോട് 65 കോടി ആവശ്യപ്പെട്ടെങ്കിലും കിട്ടിയിട്ടില്ല. കഴിഞ്ഞമാസം ശമ്പളം നൽകാനെടുത്ത 46 കോടിയുടെ ഓവർഡ്രാഫ്റ്റ് തിരിച്ചടയ്ക്കാത്തതിനാൽ ഇത്തവണ ഓവർഡ്രാഫ്റ്റിനു സാധ്യതയില്ല. ശമ്പളം നൽകാൻ മാത്രം 72 കോടി വേണം.

കഴിഞ്ഞമാസം 50 കോടി സർക്കാർ നൽകിയിരുന്നു. ഇത്തവണയും സർക്കാർ സഹായം വേണ്ടിവരും. പെൻഷനുള്ള 65 കോടിക്കു പുറമെ വായ്പ തിരിച്ചടവിനുള്ള 30 കോടികൂടി മാസം നൽകാമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. എന്നിട്ടും സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കഴിയുന്നില്ല.

ശമ്പളം നൽകാൻ വഴിയില്ലാത്തപ്പോഴും ശമ്പളപരിഷ്കരണത്തിനു തുനിഞ്ഞതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. സർക്കാർ ഇത്രയൊക്കെ സഹായിച്ചിട്ടും തൊഴിലാളി സംഘടനകൾ വിട്ടുവീഴ്ചയ്ക്കു തയ്യാറാകുന്നില്ലെന്നാണ് മാനേജ്‌മെന്റിന്റെ പരാതി.

© 2024 Live Kerala News. All Rights Reserved.