കോഴിക്കോട്: കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ കുടുങ്ങി കെ സ്വിഫ്റ്റ് ബസ്. കോഴിക്കോട് സ്റ്റാൻഡിലെ തൂണുകൾക്കിടിയിലാണ് ബസ് കുടുങ്ങിയത്. ബെംഗളൂരുവിൽ നിന്ന് മടങ്ങിയെത്തിയ ബസായിരുന്നു ഇത്. തൂണുകൾ പൊളിക്കുകയോ ബസിന്റെ ഗ്ലാസുകൾ തകർക്കുകയോ ചെയ്താൽ മാത്രമേ കുടുങ്ങിയ കെ സ്വിഫ്റ്റ് പുറത്തെടുക്കാനാകൂവെന്നാണ് നിരീക്ഷണം. തൂണുകൾക്കിടയിൽ ബസ് പാർക്ക് ചെയ്ത് യാത്രക്കാർ ഇറങ്ങിയതിന് ശേഷമാണ് കുടുങ്ങിയ വിവരം തിരിച്ചറിഞ്ഞത്.
തൂണുകൾക്കിടയിൽ നിന്നും നിരവധി തവണ ബസ് തിരിച്ചെടുക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. അതേസമയം സംഭവത്തിൽ പ്രതികരിക്കാൻ ഡിപ്പോ അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല. പരസ്യ പ്രതികരണത്തിന് ഡ്രൈവർമാരും തയ്യാറല്ല
കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെ ടെർമിനലിന്റെ നിർമാണത്തിലുള്ള അപാകത കൂടിയാണ് സംഭവം ചൂണ്ടിക്കാട്ടുന്നതെന്ന് യാത്രക്കാർ അഭിപ്രായപ്പെട്ടു. സ്റ്റാൻഡിലെ തൂണുകൾക്ക് മതിയായ അകലമില്ലെന്ന ആക്ഷേപം നേരത്തെ ഉയർന്നിരുന്നു. കെ-സ്വിഫ്റ്റ് കുടുങ്ങിയതോടെ ഇക്കാര്യം സാധൂകരിക്കപ്പെടുകയാണ്.