തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും അമേരിക്കയിലേക്ക്. തുടര്‍ ചികിത്സയ്ക്കായാണ് യാത്ര. മുഖ്യമന്ത്രി അമേരിക്കയിലെത്തി നാലോ ദിവസങ്ങള്‍ കഴിയുമ്പോള്‍ കോടിയേരിയും അമേരിക്കയിലെത്തും. ശനിയാഴ്ചയാണ് പിണറായി അമേരിക്കയിലേക്ക് പോകുന്നത്. മെയ് 10ന് തിരിച്ചെത്തും.രണ്ടാഴ്ചത്തെ തുടര്‍ ചികിത്സയാണു കോടിയേരിക്കു നിശ്ചയിച്ചിരിക്കുന്നത്. ഇതോടെ വരുന്ന രണ്ടാഴ്ചക്കാലമെങ്കിലും മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും സംസ്ഥാനത്തുണ്ടാവില്ല. പൊളിറ്റ് ബ്യൂറോയുടെ അനുമതിയോടെയാണു ചികിത്സയ്ക്കായി ഇരുവരും വിദേശത്തേക്കു പോകുന്നത്. എന്നാല്‍, സെക്രട്ടറിയുടെ ചുമതല ആര്‍ക്കും കൈമാറിയിട്ടില്ല.
പാന്‍ക്രിയാസിലെ അര്‍ബുദ ബാധയെ തുടര്‍ന്ന് 2019ല്‍ കോടിയേരി അമേരിക്കയില്‍ ചികില്‍സ തേടിയിരുന്നു. രണ്ടു വര്‍ഷത്തിനുശേഷം പരിശോധനയ്ക്കായി എത്തണമെന്നായിരുന്നു ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നത്. രണ്ടുവര്‍ഷം കഴിഞ്ഞ സാഹചര്യത്തിലാണ് വീണ്ടും പരിശോധനയ്ക്കായി പോകുന്നതെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന വിവരം.