സര്‍വേ കല്ലുകള്‍ പിഴുതു മാറ്റിയാല്‍ പദ്ധതി ഇല്ലാതാവില്ല;കോണ്‍ഗ്രസിന് യുദ്ധം ചെയ്യാനുള്ള കെല്‍പില്ല; യുഡിഎഫിന് കോടിയേരിയുടെ മുന്നറിയിപ്പ്

കണ്ണൂര്‍: കെ റെയിലിന്റെ സര്‍വേക്കല്ലുകള്‍ പിഴുതു മാറ്റിയ സംഭവത്തില്‍ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.സര്‍വേ കല്ലുകള്‍ പിഴുതു മാറ്റിയാല്‍ കേരളത്തില്‍ പദ്ധതി ഇല്ലാതാവില്ല. കേരളത്തിലെ കോണ്‍ഗ്രസിന് യുദ്ധം ചെയ്യാനുള്ള കെല്‍പ്പ് ഒന്നുമില്ല.കോണ്‍ഗ്രസുകാര്‍ മാത്രമാണ് സില്‍വര്‍ലൈന്‍ പദ്ധതിയെ എതിര്‍ക്കുന്നത്. കേരളത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും പദ്ധതിക്കനുകൂലമാണെന്നും ഇത്തരത്തില്‍ പദ്ധതിയെ എതിര്‍ക്കുന്ന കോണ്‍ഗ്രസുകാര്‍ ഒറ്റപ്പെടുമെന്നും കോടിയേരി ബാലകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഒരു സര്‍വേക്കല്ലെടുത്ത് മാറ്റിയത് കൊണ്ട് കെ-റെയില്‍ പദ്ധതി ഇല്ലാതാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.മാടായിപ്പാറയിലെ ഗസ്റ്റ് ഹൗസിനും ഗേള്‍സ് സ്‌കൂളിനും ഇടയിലുള്ള സ്ഥലത്ത് അഞ്ച് സര്‍വേക്കല്ലുകള്‍ പിഴുതി മാറ്റിയ നിലയില്‍ കണ്ടെത്തിയ സംഭവത്തിലായിരുന്നു കോടിയേരിയുടെ പ്രതികരണം. വികസനത്തെ തടസപ്പടുത്തുന്നവരെ ജനം ഒറ്റപ്പെടുത്തും. ഇത്തരം നടപടികളില്‍ നിന്നും യുഡിഎഫ് പിന്തിരിയണം എന്നും കോടിയേരി ആവശ്യപ്പെട്ടു.അതിനിടെ, സിപിഐഎം ഇടുക്കി ജില്ലാ സമ്മേളനത്തില്‍ ആഭ്യന്തര വകുപ്പിനെതിരെ വ്യാപ വിമര്‍ശനങ്ങള്‍ ഉയര്‍ന്നെന്ന വാര്‍ത്തകള്‍ മാധ്യമ സൃഷ്ടിയാണെന്നും കോടിയേരി ബാലകൃഷ്ണന്‍ കുറ്റപ്പെടുത്തി. ആഭ്യന്തര വകുപ്പിന് പ്രത്യേക മന്ത്രി വേണമെന്ന സമ്മേളന പ്രതിനിധികളില്‍ നിന്നും ആവശ്യം ഉയര്‍ന്നിട്ടില്ല. വാര്‍ത്തകള്‍ ചില മാധ്യമങ്ങള്‍ വക്രീകരിച്ച് നല്‍കുകയായിരുന്നു. പൊലീസിനെതിരെ ഹൈക്കോടതി വിമര്‍ശനം ഉന്നയിക്കുന്നത് ഇതാദ്യമല്ലെന്നും കോടിയേരി ചൂണ്ടിക്കാട്ടി. കെ റെയിലിന് എതിരെയുള്ള പ്രക്ഷോഭങ്ങള്‍ ശക്തമാക്കാന്‍ യുഡിഎഫ് തീരുമാനം എടുത്തതിന് പിന്നാലെയാണ് കോടിയേരി സര്‍വേ കല്ലുകള്‍ പിഴുതുമാറ്റിയതുള്‍പ്പെടെ യുഡിഎഫിന് എതിരെ ഉപയോഗിക്കുന്നത്. യുഡിഎഫ് ഉന്നതാധികാരസമിതി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരുന്ന സാഹചര്യത്തില്‍ കൂടിയാണ് കോടിയേരി യുഡിഎഫിന് എതിരെ രംഗത്ത് എത്തുന്നത്. കെ റെയിലിന് എതിരെ പ്രതിഷേധ പരിപാടികള്‍ക്ക് രൂപം നല്‍കാനാണ് ഇന്ന് യുഡിഎഫ് യോഗം ചേരുന്നത്.

© 2024 Live Kerala News. All Rights Reserved.