തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിയെ വിമര്‍ശിക്കുന്ന പ്രതിപക്ഷ നിലാപാടിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സില്‍വര്‍ലൈന്‍ പദ്ധതി ആരെങ്കിലും ഉച്ചയുറക്കത്തില്‍ പകല്‍ക്കിനാവ് കണ്ട് അവതരിപ്പിച്ച പദ്ധതിയല്ല കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടി മുഖപത്രത്തില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു.ഡിപിആര്‍ വേണമെന്ന് പറയുന്ന പ്രതിപക്ഷം അത് വരും മുന്‍പ് പദ്ധതിയെ തള്ളിപ്പറയുകയാണ് ചെയ്തത്. അര്‍ധ അതിവേഗപാത വന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണകാലത്ത് ജനങ്ങള്‍ക്ക് സംസ്ഥാനത്തിന്റെ ഒരറ്റത്തുനിന്ന് മറ്റൊരു അറ്റത്തേക്ക് എത്താന്‍ സാധിക്കും. അത് ഭാവിയില്‍ യുഡിഎഫ് – ബിജെപി ബഹുജനാടിത്തറയില്‍ ചോര്‍ച്ചയുണ്ടാക്കുമെന്ന ആശങ്കയാണ് വി. ഡി. സതീശന്‍ ഉള്‍പ്പെടെയുള്ളവരെ സര്‍ക്കാര്‍വിരുദ്ധ സമരത്തിന് പ്രേരിപ്പിക്കുന്നത്.
പദ്ധതിക്കെതിരെ അവര്‍ ഗൂഢപ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ്. ഹൈ സ്പീഡ് റെയില്‍ പദ്ധതി പ്രഖ്യാപിച്ച യുഡിഎഫ് സില്‍വര്‍ ലൈനെ എതിര്‍ക്കുന്നത് ഇരട്ടത്താപ്പാണെന്നും കോടിയേരി പറഞ്ഞു. പദ്ധതിയെ എതിര്‍ത്ത് വിമോചന സമര മാതൃകയില്‍ എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ എല്ലാവരും കൈകോര്‍ക്കുകയാണ്. സില്‍വര്‍ലൈനെ ആദ്യം പിന്തുണച്ച കേന്ദ്രം ഇപ്പോള്‍ ചുവടുമാറ്റുന്നത് കേരളം വളരേണ്ട എന്ന മനോഭാവം കൊണ്ടെന്നും കോടിയേരി വിമര്‍ശിച്ചു. കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന്റെ കീഴില്‍ 18 പുതിയ സില്‍വര്‍ ലൈന്‍ പദ്ധതികളുണ്ട് എന്നാല്‍ അതില്‍ കേരളമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. കേന്ദ്രം യുപിയിലുള്‍പ്പെടെ നടപ്പാക്കുന്ന സില്‍വര്‍ലൈന്‍ പദ്ധതികള്‍ക്കെതിരെ രാഹുലോ, പ്രയങ്കയോ, കോണ്‍ഗ്രസ് നേതാക്കളോ ഒരു സത്യാഗ്രഹവും നടത്തുന്നില്ലെന്നും കോടിയേരി പറഞ്ഞു.പ്രതിലോമ രാഷ്ട്രീയത്തെ പരാജയപ്പെടുത്താന്‍ സിപിഎം പ്രത്യേക കാംപയിന്‍ നടത്തുമെന്നും കോടിയേരി പറഞ്ഞു. സന്തോഷത്തോടെയും സംതൃപ്തിയോടേയും താമസിക്കാന്‍ കഴിയുന്ന സംസ്ഥാനമായി കേരളത്തെ മാറ്റുകയാണ് എല്‍ഡിഎഫിന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. ക്ഷേമ കാര്യങ്ങല്‍ക്കു പുറമെ വികസന കാര്യങ്ങളിലും സംസ്ഥാനം മുന്നോട്ട് കുതിക്കേണ്ടെതുണ്ട്. അതിനു വേണ്ടിയാണ് സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കാന്‍ പോകുന്നതെന്ന് കോടിയേരി പറഞ്ഞു. അതിനായി സിപിഐഎമ്മും എല്‍ഡിഎഫും ബഹുജനങ്ങളും സര്‍ക്കാരിനൊപ്പമുണ്ടാകുമെന്നും കോടിയേരി പറഞ്ഞു.പ്രതിപക്ഷ ചേരിയില്‍ത്തന്നെയുള്ള ചിലര്‍ ആരോഗ്യകരമായ ചില സംശയങ്ങളും ഉന്നയിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളിലെല്ലാം ആശയവിനിമയം നടത്തി കേരളത്തെ ഒന്നിച്ചു കൊണ്ടുപോയി വികസനപദ്ധതി നടപ്പാക്കാനാണ് എല്‍ഡിഎഫ് സര്‍ക്കാരിന് താല്‍പ്പര്യം.