ജെ എൻ യുവിൽ ഇടത് വിദ്യാർത്ഥികൾ രാമനവമി ആഘോഷങ്ങൾ അട്ടിമറിക്കാൻ മനപ്പൂർവ്വം പ്രശ്നങ്ങൾ ഉണ്ടാക്കുകയായിരുന്നു‘:എബിവിപി

ഡൽഹി: ജെ എൻ യുവിൽ അക്രമം നടത്തിയവർക്കെതിരെ സംഘടന ഒറ്റക്കെട്ടായി നിലകൊള്ളുമെന്ന് എബിവിപി. പ്രാകൃതമായ മനോഗതി കൊണ്ടും അപകർഷതാ ബോധത്തിൽ നിന്നുണ്ടാകുന്ന അക്രമവാസന കൊണ്ടും വിദ്യാർത്ഥികളെ വിരട്ടാമെന്ന് ഇടതുപക്ഷ വിദ്യാർത്ഥി സംഘടനകൾ കരുതുന്നുണ്ടെങ്കിൽ അത് വെറും മനപ്പായസം മാത്രമാണ്. അവർക്ക് കാലവും ദേശവും മാറിപ്പോയെന്ന് എബിവിപി വക്താക്കൾ പരിഹസിച്ചു.

മാംസാഹാരം കഴിക്കുന്നവരോട് എബിവിപിക്ക് യാതൊരു അസഹിഷ്ണുതയുമില്ല. ജെ എൻ യുവിൽ ഇടത് വിദ്യാർത്ഥികൾ രാമനവമി ആഘോഷങ്ങൾ അട്ടിമറിക്കാൻ മനപ്പൂർവ്വം പ്രശ്നങ്ങൾ ഉണ്ടാക്കുകയായിരുന്നുവെന്ന് എബിവിപി ജെ എൻ യു പ്രസിഡന്റ് രോഹിത് കുമാർ പറഞ്ഞു. ജെ എൻ യു ഹോസ്റ്റലിൽ ഇതിന് മുൻപ് ഇഫ്താർ പാർട്ടിയും പൂജയും ഒരേ സമയം ആഘോഷിച്ചുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മാംസാഹാരത്തിന്റെ പേരിൽ അക്രമം നടന്നുവെന്ന് പ്രചരിപ്പിക്കുന്നത് ഇടത് സംഘടനകളുടെയും ഇടതുപക്ഷ മാധ്യമ പ്രവർത്തകരുടെയും പതിവ് പരിപാടിയാണ്. അത് അവരുടെ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണ്. കഴിഞ്ഞ ദിവസവും ജെ എൻ യുവിലെ നിരവധി ഹോസ്റ്റലുകളിൽ ചിക്കൻ പാകം ചെയ്തിരുന്നു. എബിവിപി പ്രവർത്തകർ മെസ് സെക്രട്ടറിമാരായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന ഹോസ്റ്റലുകളിലും പതിവായി മാംസാഹാരം വിളമ്പാറുണ്ട് എന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ഇന്നലെയും അവിടങ്ങളിൽ പതിവ് പോലെ മാംസാഹാരം പാകം ചെയ്തിരുന്നു. രോഹിത് കുമാർ പറഞ്ഞു.

എന്നാൽ ചില കേന്ദ്രങ്ങളിൽ നിന്നും രാമനവമി ആഘോഷങ്ങൾക്കെതിരെ ഭീഷണികൾ ഉണ്ടായിരുന്നു. നിങ്ങളുടെ രാമനവമി പൂജാദ്രവ്യങ്ങളിലേക്ക് ഞങ്ങൾ കന്നുകാലി ഇറച്ചിയുടെ അവശിഷ്ടങ്ങൾ വർഷിക്കും എന്നായിരുന്നു ഭീഷണി. ഇതിന് പിന്നിൽ ഇടത് വിദ്യാർത്ഥി സംഘടനകളാണെന്ന് ഞങ്ങൾക്ക് വ്യക്തമായതോടെ അവർ പ്രതീക്ഷിക്കാത്ത തരത്തിലുള്ള കരുതൽ നടപടികൾ സ്വീകരിക്കാൻ ഞങ്ങൾ നിർബ്ബന്ധിതരാകുകയായിരുന്നു. എബിവിപി വക്താക്കൾ കൂട്ടിച്ചേർത്തു.

© 2024 Live Kerala News. All Rights Reserved.