ജെഎന്‍യു ക്യാമ്പസില്‍ പൊലീസിനെ കയറ്റില്ലെന്ന് വൈസ് ചാന്‍സിലര്‍; രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട അഞ്ച് വിദ്യാര്‍ത്ഥികള്‍ പൊലീസില്‍ കീഴടങ്ങില്ല; ഏതുസമയവും ക്യാമ്പസിനുള്ളില്‍ പൊലീസ് കയറും

ന്യൂഡല്‍ഹി: ജെഎന്‍യു ക്യാമ്പസില്‍ വിദ്യാര്‍ത്ഥികളുടെയും ടീച്ചേഴ്‌സ് യൂണിയന്റെയും ശക്തമായി എതിര്‍പ്പിനെ തുടര്‍ന്ന് പൊലീസിനെ ക്യാമ്പസില്‍ കയറ്റില്ലെന്ന് വൈസ് ചാന്‍സിലര്‍. ഇക്കാര്യം സംബന്ധിച്ച് വൈസ് ചാന്‍സിലര്‍ ഉറപ്പ് നല്‍കിയതായും വിദ്യാര്‍ഥികള്‍ അറിയിച്ചു.അറസ്റ്റ് സംബന്ധിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുവാന്‍ അല്‍പ്പനേരത്തിനുള്ളില്‍ ജനറല്‍ബോഡി യോഗം വിളിക്കും. ജെഎന്‍യു ക്യാമ്പസില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട അഞ്ച് വിദ്യാര്‍ത്ഥികള്‍ പൊലീസിന് കീഴടങ്ങില്ലെന്ന് വ്യക്തമാക്കി. രാജ്യദ്രോഹകുറ്റം ആരോപിക്കപ്പെട്ട് ഒളിവിലായിരുന്ന ഉമര്‍ ഖാലിദ്, ഡിഎസ്‌യു മുന്‍നേതാവ് അനിര്‍ബന്‍ ഭട്ടാചാര്യ, വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റും ഐസ നേതാവുമായ അശുതോഷ്, നിലവിലെ വിദ്യാര്‍ഥി യൂണിയന്‍ ജനറല്‍ സെക്രട്ടറി രാമനാഗ, മുന്‍ വൈസ് പ്രസിഡന്റ് ആനന്ദ് പ്രകാശ് നാരായണ്‍ എന്നിവരാണ് ഇന്നലെ രാത്രി ജെഎന്‍യു ക്യാമ്പസിലെത്തിയത്. ക്യാമ്പസില്‍ പൊലീസ് കയറിയാല്‍ വിദ്യാര്‍ത്ഥികള്‍ തടയില്ല. എന്നാല്‍ ഇതിന്റെ ഉത്തരവാദിത്തം വിസിക്കായിരിക്കുമെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. അറസ്റ്റ് വരിക്കാന്‍ തയ്യാറാണെന്നും വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കി.

എന്നാല്‍ വിദ്യാര്‍ത്ഥികള്‍ കീഴടങ്ങണമെന്നും കീഴടങ്ങിയിട്ടില്ലെങ്കില്‍ മറ്റു വഴികള്‍ നോക്കുമെന്നും ഡല്‍ഹി പൊലീസ് സൂപ്രണ്ട് ബിഎസ് ബസ്സിയും വ്യക്തമാക്കി. ക്യാമ്പസില്‍ കയറുന്നതിന് പൊലീസിന് തടസ്സമില്ല. കുറ്റം ചുമത്തപ്പെട്ട വിദ്യാര്‍ത്ഥികള്‍ നിരപരാധികളാണെങ്കില്‍ അവര്‍ അന്വേഷണവുമായി സഹകരിക്കണം. അവരുടെ നിരപരാധിത്വം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കണമെന്നും ബസ്സി കൂട്ടിച്ചേര്‍ത്തു. വിദ്യാര്‍ത്ഥികള്‍ക്കെതിരെയുള്ള പരാതി അന്വേഷിക്കാന്‍ സര്‍വ്വകലാശാല ഏര്‍പ്പെടുത്തിയ അന്വേഷണ സമിതി പിരിച്ചുവിടണമെന്ന് ജെഎന്‍യു ടീച്ചേഴ്‌സ് അസോസിയേഷന്‍ ഭാരവാഹി അജയ് പട്‌നായിക് പറഞ്ഞു. അന്വേഷണ സമിതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള അംഗങ്ങളില്‍ സംശയമുണ്ട്. സമിതി പിരിച്ചുവിട്ട് നിഷ്പക്ഷരായ അദ്ധ്യാപകരെ ചേര്‍ത്ത് സമിതി പുനസംഘടിപ്പിക്കണം. വിദ്യാര്‍ത്ഥികള്‍ക്കെതിരെ ചുമത്തിയിട്ടുള്ള രാജ്യദ്രോഹകുറ്റം ഉള്‍പ്പടെ പിന്‍വലിക്കണമെന്നും അദ്ധ്യാപക അസോസിയേഷന്‍ ആവശ്യപ്പെട്ടു. ക്യാമ്പസില്‍ പൊലീസ് കയറരുതെന്നും അസോസിയേഷന്‍ പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.