ജെഎന്‍യുവില്‍ ഐസ പ്രവര്‍ത്തകനെ കാണാനില്ല; എബിവിപി പ്രവര്‍ത്തകരുമായി സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ട വിദ്യാര്‍ഥിയെയാണ് കാണാതായത്

ന്യൂഡല്‍ഹി: ജെഎന്‍യുവില്‍ എബിവിപി പ്രവര്‍ത്തകരുമായി സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ട ഐസ പ്രവര്‍ത്തകനായ വിദ്യാര്‍ഥിയെ ദുരൂഹ സാഹചര്യങ്ങളില്‍ കാണാതായി. എംഎസ്‌സി ബയോടെക്‌നോളജി വിദ്യാര്‍ഥിയായ നജീബ് അഹമ്മദിനെയാണ് സര്‍വ്വകലാശാലാ ഹോസ്റ്റലില്‍ നിന്നും കാണാതായത്. കോളേജിലെ എബിവിപി പ്രവര്‍ത്തകരും നജീബും തമ്മില്‍ ശനിയാഴ്ച രാത്രി സംഘര്‍ഷം നടന്നുവെന്നും അതിന് ശേഷമാണ് നജീബിനെ കാണാതാവുകയായിരുന്നു. നജീബിന്റെ തിരോധാനം പൊലീസ് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ ഇന്നലെ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. തങ്ങളുടെ മകനെ എത്രയും വേഗം കണ്ടെത്തണം എന്നാവശ്യവുമായി ഡല്‍ഹിയിലെ വസന്ത് കുന്ജ് നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ നജീബിന്റെ മാതാപിതാക്കള്‍ പരാതി നല്‍കി. ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനയായ ഓള്‍ ഇന്ത്യ സ്റ്റുഡന്റ്‌സ് അസോസിയേഷന്റെ( ഐസ) സജീവ പ്രവര്‍ത്തകനാണ് നജീബ്. കോളേജിലെ മറ്റൊരു വിദ്യാര്‍ഥിയെ നജീബ് തല്ലിയെന്നും ഇതിന് പകരമായി നജീബിനോട് ഹോസ്റ്റല്‍ വിട്ടുപോകാന്‍ മറ്റു വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടുവെന്നും ചിലര്‍ പറയുന്നു. എന്നാല്‍, ഐസയുടെ പ്രവര്‍ത്തകര്‍ പറയുന്നത് നജീബിനെ എബിവിപി പ്രവര്‍ത്തകര്‍ ഹോസ്റ്റല്‍ മുറിയില്‍ അതിക്രമിച്ചു കയറി തല്ലിച്ചതയ്ക്കുകയായിരുന്നു എന്നാണ്. ഹോസ്റ്റലിലെ മെസ് കമ്മിറ്റി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഏറെനാളായി രണ്ട് സംഘടനകളും തമ്മില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ഇതിന്റെ ഭാഗമായാണ് നജീബിന് മര്‍ദ്ദനമേല്‍ക്കേണ്ടി വന്നതെന്നും നജീബിനെ രക്ഷിക്കാനായി മുന്നോട്ടുവന്ന ഹോസ്റ്റല്‍ വാര്‍ഡന്‍, ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ്, മറ്റു ഹോസ്റ്റല്‍ വാസികള്‍ എന്നിവര്‍ക്കും മര്‍ദ്ദനമേറ്റു എന്നും റിപ്പോര്‍ട്ടുകള്‍

© 2024 Live Kerala News. All Rights Reserved.