തിരുവനന്തപുരം : കെഎസ്ആർടിസിയിൽ പ്രതിസന്ധി രൂക്ഷമാകുന്നു. ഈ മാസത്തെ ശമ്പളം മുടങ്ങി. ശമ്പള പരിഷ്‌കരണ കരാർ അനുസരിച്ച് എല്ലാ മാസവും 5 ന് മുൻപ് ശമ്പളം നൽകുമെന്നായിരുന്നു വാഗ്ദാനം. പക്ഷേ സാമ്പത്തിക പ്രതിസന്ധി കാരണം ഇത് പാലിക്കാനായില്ല. ഈ മാസവും പ്രതിസന്ധി തുടരുകയാണ്.
എല്ലാ ജീവനക്കാർക്കും ശമ്പളം നൽകാൻ 80 കോടി രൂപ ആവശ്യമാണ്. എന്നാൽ ഇതിനായി 30 കോടി രൂപ മാത്രമാണ് ധനവകുപ്പ് അനുവദിച്ചത്. ഈ മാസത്തെ കളക്ഷൻ കൂടി ചേർത്താൽ മാത്രമെ ശമ്പളം നൽകാൻ കഴിയു. ഡീസൽ വില വർധിപ്പിച്ചതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് എന്നും ജീവനക്കാരെ പിരിച്ചു വിടേണ്ടി വരുമെന്ന ആശങ്ക ഉണ്ടെന്നും കഴിഞ്ഞ ദിവസം ഗതാഗത മന്ത്രി പറഞ്ഞിരുന്നു.
പ്രതിദിനം 16 ലക്ഷം ലിറ്റർ ഡീസൽ ആവശ്യമാണ്. വരുമാനം പ്രതിദിനം ശരാശാരി 5 കോടി മാത്രമേ ഉണ്ടാകൂ. ഇതിൽ 70 ശതമാനവും ഇന്ധനം വാങ്ങാൻ മാറ്റിവെക്കണം. കടം തിരിച്ചടയ്‌ക്കാൻ വേണ്ടത് ഒരുകോടി. ബസ് ചാർജ് വർദ്ധന നിലവിൽ വന്നാലും ഇതൊന്നും മറികടക്കാനാകില്ലെന്നാണ് വിലയിരുത്തൽ.