ന്യൂഡൽഹി : ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വ്യാപാര ബന്ധം സുഗമമല്ലെങ്കിലും, മാനുഷിക പരിഗണന നൽകി മരുന്നുകൾ പാകിസ്ഥാന് ഇന്ത്യ നൽകിയിരുന്നു. ഇരു രാജ്യങ്ങളിലേയും ഫാർമ കമ്പനികളാണ് ഈ ഇടപാടുകൾ നടത്തിയിരുന്നത്. എന്നാൽ കഴിഞ്ഞ വർഷം ഇന്ത്യയിൽ നിന്നും വാങ്ങിയ മരുന്നുകൾക്ക് കൃത്യമായി പണം നൽകാൻ പാകിസ്ഥാന് കഴിഞ്ഞില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. രാജ്യസഭയിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യസഭയിൽ ബിജെപി അംഗം സുബ്രഹ്മണ്യൻ സ്വാമിയുടെ ചോദ്യത്തിനുത്തരമായിട്ടാണ് മന്ത്രി പണമിടപാട് സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിട്ടത്.
കഴിഞ്ഞ വർഷം ഇന്ത്യയിൽ നിന്നും മരുന്ന് വാങ്ങിയിട്ട് 430,000 ഡോളറിന് ഇന്ത്യൻ കയറ്റുമതിക്കാർക്ക് പാകിസ്ഥാൻ നൽകാനുണ്ടെന്നാണ് മന്ത്രി പറഞ്ഞത്. 2021 ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള ഇടപാടിലാണ് ഈ തുക നൽകാനുള്ളത്. ‘ലഭ്യമായ രേഖകൾ പ്രകാരം, 2021 ഏപ്രിൽ മുതൽ ഡിസംബർ വരെ ഇന്ത്യ 203.68 മില്യൺ ഡോളർ മൂല്യമുള്ള ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങൾ പാകിസ്ഥാനലേക്ക് കയറ്റുമതി ചെയ്തിട്ടുണ്ട്. പാക് ഇറക്കുമതിക്കാർ ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നവർക്ക് കുടിശ്ശിക നൽകാത്ത സംഭവങ്ങൾ ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ലഭ്യമായ കണക്കുകൾ പ്രകാരം, ഇന്ത്യൻ കയറ്റുമതിക്കാർക്ക് നൽകാത്ത കുടിശ്ശിക ഏകദേശം 430,000 ഡോളറാണ്,’ വദേശകാര്യ മന്ത്രി എസ്. ജയശങ്കർ രാജ്യസഭയിൽ രേഖാമൂലമുള്ള മറുപടിയിൽ പറഞ്ഞു.